പൊന്നാനി:നിരവധി മോഷണക്കേസുകളിലും വധശ്രമ കേസിലും പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ പൊന്നാനി കടവനാട്ടുണ്ടായ മോഷണക്കേസിലാണ് ഇയാൾ പിടിയിലായത്. പുതുപൊന്നാനി സ്വദേശി കൊമ്പൻ തറയിൽ കബീറാണ് (24)പൊലീസിന്റെ പിടിയിലായത്. സ്ഥിരം മോഷ്ടാവും കൊലപാതകശ്രമക്കേസിലെ പ്രതിയുമാണ് പിടിയിലായ കബീർ.
ഫെബ്രുവരി 20ന് പുലർച്ചെ പൊന്നാനി കടവനാട്ടെ വീട്ടിൽ നിന്നും മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.ലാപ്‌ടോപ്പും 6000 രൂപയും മൂന്ന് മൊബൈൽ ഫോണും വാച്ചും കൈവശപ്പെടുത്തിയ മോഷ്ടാവിന്റെ കൈയിൽ നിന്ന് അയാളുടെ മൊബൈൽ ഫോൺ വീടിനകത്ത് വീണുപോയിരുന്നു. ഇതോടെ പ്രതിയെ തിരിച്ചറിയാനായി. വീട്ടമ്മയുടെ മാല പൊട്ടിക്കുന്നതിനിടെ ഇവർ ബഹളം വയ്ക്കുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൊബൈൽ വീണുപോവുകയുമായിരുന്നു. ഇയാൾ മോഷ്ടിച്ച മറ്റൊരു മൊബൈലായിരുന്നു വീണുപോയത്. ഈ ഫോണിൽ നിന്നും മറ്റൊരു സിം കാർഡ് ഉപയോഗിച്ച് നേരത്തെ വിളിച്ചതാണ് മോഷ്ടാവിനെ പിടികൂടാൻ സഹായകമായത്. പൊന്നാനി സി.ഐ കെ.സി.വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.