bus
പഴയ ബസ് സ്റ്റാന്റിലേക്കുള്ള വഴി അടച്ച നിലയിൽ

മഞ്ചേരി: ഗതാഗത പരിഷ്‌കരണത്തിന്റെ പേരിൽ നഗരസഭ പൊതുജനത്തെ വിഡ്ഡികളാക്കുന്നുവെന്ന് പ്രതിപക്ഷം. നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കേണ്ടതും മുൻകൈയെടുക്കേണ്ടതും നഗരസഭയാണ്. ഭരണസമിതിയുടെ പിന്തിരിപ്പൻ നയം നഗരത്തെ പിറകോട്ടടിക്കുന്നു. ഗതാഗത ക്രമീകരണത്തിൽ ക്രിയാത്മകമായ നിർദ്ദേശം മുന്നോട്ട് വയ്ക്കാനോ പ്രശ്‌നത്തിന് പരിഹാരം കാണാനോ ശ്രമിക്കാതെ ഒന്നുമറിഞ്ഞില്ലെന്ന ഭരണസമിതിയുടെ സമീപനം പൊതുജനത്തെ വഞ്ചിക്കുന്നതാണ്. മഞ്ചേരിയിലെ മുസ്‌ലിം ലീഗിനകത്തും ഭരണസമിതിയിലും നടക്കുന്ന ഗ്രൂപ്പിസത്തിന്റെ അനന്തരഫലമാണ് പൊതുജനം അനുഭവിക്കുന്നത്.
പുതിയ പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത് ഭരണസമിതിയാണ്. സ്റ്റാൻഡിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഭരണസമിതി മൂന്ന് വർഷം മുമ്പ് തീരുമാനിച്ചിരുന്നു. 2017 മുതൽ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ലൈസൻസ് പുതുക്കി നൽകുന്നതും നഗരസഭ തടഞ്ഞു. അപകടാവസ്ഥയിലായ സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി നഗരസഭയ്ക്ക് രേഖാമൂലം പരാതി നൽകി. നഗരസഭ ചെയർപേഴ്‌സന്റെ അറിവോടെയായിരുന്നു പരാതി.തുടർന്ന് നഗരസഭ 2018 ആഗസ്റ്റ് 18ന് ചേർന്ന കൗൺസിൽ യോഗത്തിൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വാടകക്കാരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു. വാടകക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചുനീക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി പലതവണ ജില്ലാ കളക്ടറെ സമീപിച്ചു. ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 20ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ അധികൃതരും പങ്കെടുത്തിരുന്നു. യോഗത്തിൽ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ കാത്തിരിപ്പ് കേന്ദ്രം പണിയാനും തീരുമാനിച്ചു. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച ഭരണസമിതി തങ്ങളൊന്നും അറിഞ്ഞില്ലെന്ന ന്യായം പറയുന്നത് ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും വാർത്താസമ്മേളനത്തിലും പ്രതിപക്ഷ അംഗം അഡ്വ. കെ. ഫിറോസ്ബാബു, സി.പി.എം ലോക്കൽ സെക്രട്ടറി കെ. ഉബൈദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.