മലപ്പുറം: സുതാര്യവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് പൊതു നിരീക്ഷകർ. പെരുമാറ്റച്ചട്ടലംഘനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് സാമൂഹിക മാദ്ധ്യമങ്ങളടക്കം കർശനമായി നിരീക്ഷണമെന്നും പൊതു നിരീക്ഷകരായ പത്മ ജൈസ്വാൾ, ചന്ദ്രകാന്ത് ഉയികെ എന്നിവർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരാതികൾക്കിടയില്ലാത്ത വിധം തിരഞ്ഞെടുപ്പ് നടത്തുന്നതിന് സ്‌ക്വാഡുകൾ ശക്തിപ്പെടുത്തണം. തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് ജോലിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പോസ്റ്റൽ വോട്ട് ചെയ്തെന്ന് ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നിരീക്ഷകർ വിലയിരുത്തി. ജില്ലയിലെ 2750 പോളിംഗ് സ്റ്റേഷനുകളിലേക്കായി 13204 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇതിൽ 2204 പേർ റിസർവ്വ് ലിസ്റ്റിലാണ്. ആകെ 19635 ഭിന്നശേഷി വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇവർക്കായി 258 വാഹനങ്ങൾ ഏർപ്പെടുത്തും. ഇതിൽ കാഴ്ച പരിമിതിയുള്ള 2650 വോട്ടർമാർക്കായി ബാലറ്റ് യൂണിറ്റുകളിൽ ബ്രെയിൽ ലിപി സംവിധാനം ഒരുക്കും. വോട്ടിംഗ് യന്ത്രം പണിമുടക്കിയാൽ വോട്ടിംഗ് നടത്തുന്നതിന് ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ കവറേജ് ഉറപ്പു വരുത്തിയിട്ടുണ്ട്. നെറ്റ് വർക്ക് കവറേജ് കുറഞ്ഞ 18 പോളിംഗ് സ്റ്റേഷനുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ വി.എച്ച്.എഫ് സംവിധാനം ഒരുക്കും. 42 സ്ഥലങ്ങളിലായി 76 പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇവിടെ സുരക്ഷ ശക്തിപ്പെടുത്തും.
ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരാതിക്കിടയില്ലാത്തവിധം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ചെലവ് നിരീക്ഷകരായ ധ്രുവ കുമാർ സിംഗ് (മലപ്പുറം), എൻ. രാജ്കുമാർ (പൊന്നാനി) പൊലീസ് നിരീക്ഷകരായ ബസന്ത്കുമാർ റാത്ത് (മലപ്പുറം), സരംഗൻ (പൊന്നാനി), നോഡൽ ഓഫീസർമാരായ സബ്കളക്ടർ അനുപംമിശ്ര, അസിസ്റ്റന്റ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.