എടപ്പാൾ (മലപ്പുറം): പറമ്പിൽ അതിക്രമിച്ച് കയറി ആക്രിസാധനങ്ങൾ പെറുക്കിയെന്ന് ആരോപിച്ച് പത്തുവയസുകാരിയായ നാടോടി ബാലികയെ അമ്മയുടെ മുന്നിലിട്ട് ക്രൂരമായി തല്ലി. സംഭവത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.രാഘവനെ (58) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും വിദഗ്ദപരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കൊളേജിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
എടപ്പാൾ പട്ടാമ്പി റോഡിൽ രാഘവന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നാരോപിച്ചായിരുന്നു മർദ്ദനം.
പെൺകുട്ടി അമ്മയ്ക്കും മറ്റൊരു സ്ത്രീയ്ക്കുമൊപ്പമാണ് ആക്രിപെറുക്കാനെത്തിയത്.
സ്ഥലത്തുണ്ടായിരുന്ന രാഘവൻ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ആക്രി സാധനങ്ങൾ നിറച്ച ചാക്ക് പിടിച്ച് വാങ്ങി തലയ്ക്കടക്കുകയായിരുന്നു.ചാക്കിനകത്തെ ഇരുമ്പു പൈപ്പ് നെറ്റിയിൽ കൊണ്ടാണ്
മുറിവുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ ഉടൻ സമീപവാസികൾ ആശുപത്രിയിലെത്തിച്ചു. വർഷങ്ങളായി എടപ്പാളിൽ വിവിധയിടങ്ങളിലായി താമസിച്ചുവരികയാണ് കുട്ടിയുടെ കുടുംബം.
പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചെന്ന്
വിദഗ്ദ പരിശോധനയ്ക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചതായി നാട്ടുകാർ ആരോപിച്ചു. കുട്ടിയെ കുറ്റിപ്പുറത്ത് ഉപേക്ഷിച്ചതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ടതോടെയാണ് പൊലീസ് കുട്ടിയെ തൃശൂരിലെത്തിച്ചത്.
കേസ് ഒതുക്കാൻ ശ്രമിച്ചെന്ന്
അതേസമയം പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്.മർദ്ദിച്ചത് ഇയാൾ തന്നെയാണോയെന്നത് വ്യക്തമല്ലെന്നായിരുന്നു ചങ്ങരംകുളം പൊലീസ് ആദ്യം പറഞ്ഞത്.
വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എസ്.പിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.അതേസമയം, പ്രതി എത്ര ഉന്നതാനായാലും നിയമനടപടി സ്വീകരിക്കുമെന്നു ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു.