പൊന്നാനി: കരയിലെ പോലെ കടലിലും ചൂട് കടുത്തതോടെ മത്സ്യങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്നതായി പഠനം. മത്സ്യങ്ങൾ കൂട്ടത്തോടെ തീരം വിടുന്നതു മുതൽ നേരത്തെയുള്ള വളർച്ച വരെയുള്ള പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ചൂട് കടുത്തതോടെ തീരങ്ങളിൽ കണ്ടു വന്നിരുന്ന പല മത്സ്യങ്ങളും അപ്രത്യക്ഷമായി.
മത്സ്യത്തിന്റെ വളർച്ച ഘടനയിലും രുചിയിലും മാറ്റങ്ങൾ ഉണ്ടായതായാണ് കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കിയ വ്യതിയാനത്തെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. സമുദ്രോപരിതലത്തിൽ 0.6 ഡിഗ്രി സെൽഷ്യസ് മുതൽ 0.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയിട്ടുണ്ട്. ചെറിയ അളവിലാണ് മാറ്റമെന്ന് തോന്നാമെങ്കിലും ഇത് മത്സ്യങ്ങൾക്ക് കനത്ത ആഘാതമാണുണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.ചൂടിലുണ്ടായിരിക്കുന്ന മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന വിഭാഗങ്ങളിലൊന്ന് ചെമ്മീനാണ്.
ഇവ പെട്ടെന്ന് മുട്ടയിട്ട് തുടങ്ങുന്നു. വളർച്ച പൂർത്തിയാകുന്നതിനു മുൻപ് മുട്ടയിട്ട് തുടങ്ങുന്നതു മൂലം ദോഷങ്ങളേറെയാണ്. മുട്ടകളുടെയും അതുവഴി കുഞ്ഞുങ്ങളുടെയും എണ്ണം കുറവായിരിക്കും. വളർച്ചയും വലിപ്പവും കുറയുന്നതായും കാണപ്പെടുന്നു. മുമ്പില്ലാതിരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ ചാളയും അയലയും കാണുന്നുണ്ട്. കടലിൽ സുലഭമായി ഇവ ലഭിച്ചിരുന്ന മേഖലകളിൽ ഇവയുടെ സാന്നിധ്യം കുറഞ്ഞു. ചൂട് കുറഞ്ഞ സ്ഥലങ്ങളിലേക്ക് ഇവ നീങ്ങുന്നതാണ് കാരണമായി വിലയിരുത്തപ്പെടുന്നത്.സ്രാവ് ഉൾപ്പെടെയുള്ള വലിയ മത്സ്യങ്ങളുടെ എണ്ണം ഇടയ്ക്ക് കൂടിയെങ്കിലും പിന്നീട് കുറഞ്ഞു. 2000- 2004 കാലയളവിലാണ് വർദ്ധന കണ്ടത്. നെയ്മീനും പ്രതിസന്ധി നേരിടുന്നു. ആവശ്യക്കാരേറിയുള്ളതിനാൽ ഇവയെ പിടിക്കാൻ പ്രത്യേകതരം വലകൾ തന്നെയുണ്ട്.മീനുകളുടെ ഭക്ഷ്യലഭ്യതയിൽ മാറ്റമുണ്ടായതാണ് മറ്റൊരു പ്രശ്നം.
ഇത് മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാണ്.തദ്ദേശീയമായ ആവാസവ്യവസ്ഥയിലേക്ക് മറ്റു മത്സ്യങ്ങളുടെ കടന്നുകയറ്റവും പ്രകടമാണ്.ഉപദ്രവകാരികളായ പായലുകളുടെ സാന്നിധ്യം മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
സമുദ്രനിരപ്പ് ഉയരുന്നതും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്.മത്സ്യങ്ങളുടെ വളർച്ചയെയും ഉത്പാദനക്ഷമതയെയും ഇത് ബാധിക്കുന്നതായി പഠനം പറയുന്നു.കേരള തീരത്ത് ധാരാളമായി ലഭ്യമായിരുന്ന പല മത്സ്യങ്ങളും ഇപ്പോഴില്ല.
നാരൻ ചെമ്മീൻ, മുള്ളൻ, കൂന്തൾ ഉൾപ്പെടെയുള്ളവ തീരം വിട്ടതായി മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് പിടിച്ചിരുന്ന മത്സ്യങ്ങളിൽ ഗണ്യായ കുറവാണ് ഉണ്ടായിട്ടുള്ളത്.മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.