പൊന്നാനി: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന്റെ കരങ്ങൾ അശക്തമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എരമംഗലത്ത് എൽ.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരെ മതേതര വോട്ടുകൾ ഏകോപിപ്പിക്കുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിനും എഎപി ഉൾപ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികൾക്കുമെതിരെ മത്സരിക്കാനാണ് കോൺഗ്രസ്സ് തയ്യാറായിരിക്കുന്നത്.
ബിജെപിക്കെതിരെ ഒറ്റക്ക് ജയിച്ചു കയറുകയെന്നത് കോൺഗ്രസിന് അസാധ്യമാണ്. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടേയും മതേതര പ്രസ്ഥാനങ്ങളുടേയും പിന്തുണയോടെ മാത്രമെ ബിജെപിക്കെതിരായ യുദ്ധം ജയിച്ചു കയറ്റാനാകൂ. എന്നാലിത് തിരിച്ചറിയാതെയാണ് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി ഭരണത്തിന് അറുതി വരുത്താൻ ശേഷിയുള്ള ഐക്യനിര തിരഞ്ഞെടുപ്പാനന്തരം സാധ്യമാകുമെന്നും എസ്ആർപി പറഞ്ഞു. കേരളം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദൽ രാജ്യം ഏറ്റെടുക്കും. കേരളത്തിൽ ഇടതുപക്ഷം വൻ മുന്നേറ്റം സാധ്യമാക്കും.
ഫാസിസത്തിനെതിരായ ഇടതു നിലപാടിനും സംസ്ഥാനത്തെ ജനക്ഷേമ ഭരണത്തിനും തെരഞ്ഞെടുപ്പിൽ അംഗീകാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി രാജൻ അധ്യക്ഷത വഹിച്ചു. ടി.എം സിദ്ധീഖ്, അജിത്കൊളാടി, പി.കെ ഖലീമുദ്ദീൻ പ്രസംഗിച്ചു.