തിരൂരങ്ങാടി: മുസ്ലിം ലീഗിനെതിരെയുള്ള വൈറസ് പരാമർശത്തിനെതിരെ യോഗി ആദിത്യനാഥിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മൂന്നിയൂർ ആലിൻ ചുവട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെ.പിയാണ് രാജ്യത്തെ ഏറ്റവും വലിയ വൈറസ്. നമ്മുടെ നാട്ടിൽ വലിയ തോതിൽ ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിക്കുന്നത് ബി.ജെ.പിയാണ്. കഴിഞ്ഞ അഞ്ച് വർഷം നാം അത് അനുഭവിച്ചതാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു ആർ.എസ്.എസും സംഘപരിവാറുമാണ്. ലീഗ് ഇന്ത്യയിൽ ഒരുപാട് കാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. പല സംസ്ഥാനങ്ങളിലും എം.എൽ.എമാരും എം.പിമാരും ഉണ്ടായിട്ടുണ്ട്. യു.പി.എയിൽ കേന്ദ്രമന്ത്രിയായി ഇ. അഹമ്മദ് പത്ത് വർഷത്തോളം പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. അന്യ രാജ്യങ്ങളുമായി നയതന്ത്രങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നമ്മുടെ രാജ്യത്തെ മതേതരത്വം നിലനിർത്താൻ വേണ്ടി ഏറ്റവും വലിയ പരിശ്രമം നടത്തിയ പാർട്ടികളിലൊന്നാണ് മുസ്ലിംലീഗ്. ആ ലീഗിനെ കുറ്റം പറയുന്നത് മറ്റൊന്നിനുമല്ല. രാജ്യത്ത് വർഗ്ഗീയ വികാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു. യോഗത്തിൽ കെ. മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ലാ യു.ഡി.എഫ് ചെയർമാൻ അജയ് മോഹൻ, കെ.പി അബ്ദുൽ മജീദ്, ഡോ.വി.പി ഹമീദ്, ബക്കർ ചെർണ്ണൂർ, നിതീഷ്, എ.കെ അബ്ദുറഹ്മാൻ, കുഞ്ഞിമൊൻ ഹാജി പൂക്കോടൻ, വി.പി സൈതലവി എന്ന കുഞ്ഞാപ്പു, ഹൈദർ കെ മൂന്നിയൂർ, വി.പി ബാപ്പുട്ടി ഹാജി, സൈഫു പാലക്കൽ, എൻ.എം അൻവർ സാദത്ത് പ്രസംഗിച്ചു.