മലപ്പുറം: ചൂടു ക്രമാതീതമായ കൂടുന്നതോടെ നാടെങ്ങും ജ്യൂസ് സ്റ്റാളുകളും പെരുകുകയാണ്. മനസും ശരീരവും തണുപ്പിക്കാൻ നെട്ടൊട്ടമോടുന്നവർക്ക് പ്രിയങ്കരനാണ് നാരങ്ങാവെള്ളവും നാരങ്ങാ സോഡയും സർബത്തുമൊക്കെ. ഇതോടെ വേനലിൽ നാരങ്ങയുടെ വിലയും ചൂട് കൂടും പോലെ കൂടിക്കൊണ്ടിരിക്കുകയാണ്.
ആവശ്യക്കാർ വർദ്ധിക്കുകയും ഉത്പാദനം കുറഞ്ഞതുമാണ് ഒരു മാസത്തിനിടെ ചെറുനാരങ്ങയുടെ വില 30 രൂപ വരെ വർദ്ധിക്കാൻ കാരണം. ചെറുനാരങ്ങ തന്നെ വലുതും ചെറുതുമെന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. നീര് കൂടുതലുള്ള വലിയ ചെറുനാരങ്ങയ്ക്കാണു വിലകൂടുതൽ. കഴിഞ്ഞ മാസം ആദ്യവാരം കിലോയ്ക്ക് 75 – 80 രൂപയായിരുന്നത് ഇന്നലെ 100 കടന്നു. ചില്ലറവിപണിയിൽ അതിന് 120 മുതൽ 1150 വരെയാണു വില. വലുപ്പം കുറഞ്ഞ ചെറുനാരങ്ങയ്ക്കു മൊത്തവിപണിയിൽ 65–70 ആയിരുന്നത് 90 രൂപയായി വർദ്ധിച്ചു. ചില്ലറ വിപണിയിൽ 100 രൂപയായിട്ടുണ്ട്. കേരളത്തിൽ ഉത്പാദനം കുറവായതിനാൽ ആന്ധ്രയിൽ നിന്നാണ് സംസ്ഥാനത്തേക്ക് ചെറുനാരങ്ങ എത്തിക്കുന്നത്. വേനലിൽ ക്ഷീണമകറ്റാൻ ഡോക്ടർമാർ വരെ നാരങ്ങവെള്ളം നിർദേശിക്കുമ്പോഴാണു പോക്കറ്റിലൊതുങ്ങാത്ത വിധം നാരങ്ങ വില വർദ്ധിക്കുന്നത്. ഇത് ചെറുകടക്കാരെയും പ്രതിസന്ധിയിലാക്കി