മഞ്ചേരി :ഗതാഗത പരിഷ്‌കാരത്തിന്റെ പേരിൽ പഴയ ബസ് സ്റ്റാൻഡ് അടച്ചു പൂട്ടിയ നടപടിയെ എതിർത്ത് നഗരസഭ പ്രമേയം പാസാക്കി. നഗരസഭയുടെ അറിവില്ലാതെ ബസ് സ്റ്റാൻഡ് അടച്ചിട്ട നടപടി തിരുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി. ഫിറോസാണ് അവതരിപ്പിച്ചത്. ഇതേച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളവുമുണ്ടായി. സി.പി.എമ്മിന്റെ സ്ഥാപിത താത്പര്യത്തിനു ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നെന്ന് ഭരണപക്ഷം ആരോപിച്ചപ്പോൾ പ്രതിപക്ഷം എതിർത്തു.
നാറ്റ്പാക്ക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മഞ്ചേരിയിൽ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പഴയ ബസ് സ്റ്റാൻഡ് പൂർണ്ണമായും അടച്ചിട്ടത്. ആർ.ടി.എ തീരുമാനം മുൻനിറുത്തി ജില്ലാ ഭരണകൂടം നാലിന് പഴയ ബസ് സ്റ്റാൻഡ് കവാടങ്ങൾ ബാരിക്കേഡ് വച്ച് പൂർണ്ണമായി അടച്ചിരുന്നു.. ഇതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സംഭവം അറിഞ്ഞിട്ടില്ലെന്ന വാദവുമായി നഗരസഭ രംഗത്തെത്തുന്നത്.
ഇന്നലെ ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിൽ ബസ് സ്റ്റാൻഡ് അടച്ചിടാനുള്ള ധൃതിപിടിച്ചുള്ള തീരുമാനം പിൻവലിക്കണമെന്ന് ഭരണപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭയുടെ അറിവോ സമ്മതമോ ഇല്ലാത്ത നടപടി യാത്രക്കാരെയും വ്യാപാരികളെയും പെരുവഴിയിലാക്കിയെന്നും തിരഞ്ഞെടുപ്പു സമയത്ത് സി.പി.എം നേതാക്കളുടെ താത്പര്യത്തിനു വഴങ്ങി ചില ഉദ്യോഗസ്ഥരാണ് ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതെന്നും നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി. ഫിറോസ് അവതരിപ്പിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഇതോടെ യോഗം ബഹളത്തിൽ മുങ്ങി. .
ബസ് സ്റ്റാൻഡ് അടച്ചുപൂട്ടാൻ 2017ൽ നഗരസഭ തീരുമാനിച്ചിരുന്നു. ആർ.ടി.എക്കു മുന്നിലും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭരണസമിതി. മുസ്ലിം ലീഗിനും ഭരണമുന്നണി അംഗങ്ങൾക്കുമിടയിലുള്ള തർക്കത്തിൽ ജനങ്ങളെ ഇരകളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കും
അഡ്വ. കെ. ഫിറോസ് ബാബു
പ്രതിപക്ഷനേതാവ്
നാറ്റ്പാക്ക് റിപ്പോർട്ട് നൽകിയ വേളയിൽ ബസ് സ്റ്റാൻഡ് ധൃതിപ്പെട്ട് അടച്ചിടാൻ നിർദ്ദേശിച്ചിട്ടില്ല. ബദൽ സംവിധാനങ്ങൾ ഒരുക്കുംമുമ്പ് സ്റ്റാൻഡ് അടച്ചിട്ടത് ആസൂത്രിതമാണ്.
വി. എം. സുബൈദ,
നഗരസഭാദ്ധ്യക്ഷ