ele
.

മലപ്പുറം: ജില്ലയിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മലപ്പുറം, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാവും. പത്രിക സമർപ്പിച്ച 22 സ്ഥാനാർത്ഥികളിൽ രണ്ടു പേർ ഇന്നലെ നാമനിർദ്ദേശപത്രിക പിൻവലിച്ചു. പൊന്നാനിയിലെ ഖലിമുദ്ദീൻ, ദേശീയപാത ഇരകളുടെ സ്ഥാനാർത്ഥിയായ നൗഷാദ് എന്നിവരാണ് പത്രിക പിൻവലിച്ചത്. മലപ്പുറത്ത് എട്ട് സ്ഥാനാർത്ഥികളും പൊന്നാനിയിൽ 12 സ്ഥാനാർത്ഥികളുമാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്. ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്. വി.പി സാനു (സി.പി.എം), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി), പി. അബ്ദുൽ മജീദ് ഫൈസി (എസ്.ഡി.പി.ഐ), അബ്ദു സലാം (സ്വതന്ത്രൻ), പ്രവീൺ കുമാർ(ബഹുജൻ സമാജ് പാർട്ടി), ഒ.എസ് നിസാർ മേത്തർ (പി.ഡ‌ി.പി സ്വതന്ത്രൻ), എൻ.കെ സാനു (സ്വതന്ത്രൻ) എന്നിവരാണ് മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. ഒരു അപരൻ മാത്രമാണുള്ളത്.

പൊന്നാനി മണ്ഡലത്തിൽ പി.വി അൻവർ (ഇടതുസ്വതന്ത്രൻ), ഇ.ടി മുഹമ്മദ് ബഷീർ ( മുസ്‌ലീം ലീഗ്), വി.ടി. രമ (ബി.ജെ.പി), ബിന്ദു(സ്വതന്ത്ര), കെ.സി. നസീർ (എസ്.ഡി.പി.ഐ), പി.എ. സമീറ (സ്വതന്ത്ര), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), മുഹമ്മദ് ബഷീർ (സ്വതന്ത്രൻ), സിറാജുദ്ദീൻ (സ്വതന്ത്രൻ), പി.വി. അൻവർ (സ്വതന്ത്രൻ), അൻവർ(സ്വതന്ത്രൻ) തുടങ്ങിയ സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. യു.ഡി.എഫിന് മൂന്നും എൽ.ഡി.എഫിന് രണ്ടും അപരന്മാർ വീതമുണ്ട്.

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ശേഷിക്കേ മണ്ഡലത്തിലെ മുഴുവൻ സ്ഥലങ്ങളിലേക്കും ഓടിയെത്താനുള്ള പരിശ്രമത്തിലാണ് സ്ഥാനാ‌ത്ഥികൾ. റോഡ് ഷോയുമായി തുടങ്ങിയ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനു മൂന്നാംഘട്ട പര്യടനത്തിന്റെ അവസാനത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മൂന്നാംഘട്ട പര്യടനത്തിന് ഇന്നലെ തുടക്കമായി. വി.പി. സാനു ഇന്നലെ പെരിന്തൽമണ്ണയിലും കുഞ്ഞാലിക്കുട്ടി വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലുമായിരുന്നു. പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ പി.വി. അൻവറും യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറും നാലാംഘട്ട പര്യടനങ്ങളിലാണ്. ഇന്നലെ തൃത്താലയിലായിരുന്നു പി.വി. അൻവറിന്റെ പര്യടനം. ഇ.ടി മുഹമ്മദ് ബഷീ‌ർ താനൂരിലായിരുന്നു. പ്രഖ്യാപനം വൈകിയെങ്കിലും മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണനും പൊന്നാനിയിലെ പ്രൊഫ. വി.ടി. രമയും മണ്ഡലങ്ങളിൽ പ്രചാരണവുമായി സജീവമാണ്. വേങ്ങര നിയോജക മണ്ഡലത്തിലായിരുന്നു വി. ഉണ്ണികൃഷ്ണന്റെ ഇന്നലെത്തെ പര്യടനം. വി.ടി. രമ തിരൂരങ്ങാടിയിൽ വാഹന പ്രചാരണ ജാഥയിലും.

ശ്രദ്ധ കുടുംബസംഗമങ്ങളിൽ

മണ്ഡലംതല,​ പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി കുടുംബ സംഗമങ്ങളിലാണ് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പരമാവധി കുടുംബ സംഗമങ്ങളിൽ പങ്കെടുത്ത് സ്ത്രീവോട്ടർമാരെ സ്വാധീനിക്കുകയാണ് ലക്ഷ്യം.

ഒരുപഞ്ചായത്തിൽ മൂന്ന് സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥികളുടെ പ്രചാരണം.

പ്രമുഖരെത്തും

പ്രമുഖരെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കുകയാണ് പാർട്ടികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേരിയിലും താനൂരിലും പ്രചാരണത്തിനെത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് സ്ഥാനാ‌ർത്ഥികൾക്കായി പ്രചാരണത്തിനെത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാ‌ർത്ഥി ഉണ്ണിക്കൃഷ്ണന്റെ പര്യടനത്തിനായി ബി.ജെ.പി അഖിലേന്ത്യാ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ നാളെ രാത്രി എട്ടിന് എളങ്കൂരിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.