മലപ്പുറം: കെ.എസ്.ആർ.ടി.സി. എംപാനൽ ഡ്രൈവർമാരെ ഈമാസം 30നകം പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ജില്ലയിൽ ബാധിക്കുക 76 ഡ്രൈവർമാരെ. ഏറ്റവും കൂടുതൽ പേർ പെരിന്തൽമണ്ണ ഡിപ്പോയിലാണ് -28. ഇതിൽ നാലുപേർ ദീർഘ നാളായി അവധിയിലാണ്. പൊന്നാനിയിൽ - 20 , മലപ്പുറത്ത് - 15, നിലമ്പൂർ - 13 എന്നിങ്ങനെയാണ് കണക്ക്. എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടുന്നത് ജില്ലയിലെ സർവീസുകളെ പ്രതികൂലമായി ബാധിച്ചേക്കും. കോഴിക്കോട് - പാലക്കാട് റൂട്ടിലെ സർവീസുകളെ ബാധിക്കാതിരിക്കാൻ പ്രാദേശിക റൂട്ടുകളിൽ നിന്ന് ഡ്രൈവർമാരെ തിരിച്ചുവിളിക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയിലെ ഡിപ്പോകളിലെ സർവീസുകളിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് പാലക്കാട്- കോഴിക്കോട് റൂട്ടിൽ നിന്നാണ്. എം. പാനലുകാരെ പിരിച്ചുവിടുന്നതോടെ മഞ്ചേരി- തിരൂർ റൂട്ടിലാവും കൂടുതൽ പ്രതിസന്ധി നേരിടുക. നേരത്തെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോൾ 12 സർവീസുകൾ ഉണ്ടായിരുന്ന ഇവിടം മൂന്നെണ്ണമായി ചുരുങ്ങിയിട്ടുണ്ട്. എം.പാനലുകാരെ പിരിച്ചുവിട്ട് തങ്ങൾക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.