മലപ്പുറം: ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ നാടോടി ബാലികയെ മർദ്ദിച്ച കേസിലെ പ്രതിയും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായ സി.രാഘവനെ(58) പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. നേരത്തെ ദുർബല വകുപ്പുകൾ ചേർത്താണ് ചങ്ങരംകുളം പൊലീസ് കേസെടുത്തിരുന്നതെങ്കിൽ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർ‌ക്കുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

അതേസമയം, സംഭവത്തിൽ പ്രതിയെ ന്യായീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് രംഗത്തെത്തി. കുട്ടിയെ മർദ്ദിക്കാൻ ബോധപൂർവമായ നീക്കം നടന്നിട്ടില്ല. കെട്ടിടനിർമ്മാണ സ്ഥലത്ത് നിന്ന് സാധനങ്ങളെടുക്കുന്നത് ഉടമയായ രാഘവന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഓടാൻ ശ്രമിക്കുന്നതിനിടെ വീണാണ് ബാലികയ്ക്ക് പരിക്കേറ്റത്. നേരത്തെ തന്നെ അവിടെ നിന്ന് സാധനങ്ങൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു നേരിട്ട് കണ്ടപ്പോൾ സാധനങ്ങൾ അവിടെയിട്ട് പോകണമെന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് രാഘവൻ നടത്തിയതെന്നും മോഹൻദാസ് പറഞ്ഞു.