മഞ്ചേരി/പെരിന്തൽമണ്ണ: മലപ്പുറത്ത് രണ്ട് അപകടങ്ങളിൽ സഹോദരിമാരടക്കം മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ആനക്കയം ഈരാമുടക്കിലെ ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12), ആലപ്പുഴ ആറാട്ടുപുഴ കരിപ്പടന്നയിൽ ഷറഫുദ്ദീന്റെ മകൻ അയാസ് (9) എന്നിവരാണ് മരിച്ചത്. സഹോദരിമാർ കുളിക്കടവിവും അയാസ് ക്വാറിയിലുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ആനക്കയം പാലത്തിനു സമീപത്തെ ചെക്ക് ഡാമിനടുത്തുള്ള കടവിലാണ് ഇവർ മുങ്ങിമരിച്ചത്. അവധി ആഘോഷിക്കാൻ ആനക്കയത്തെ ഉമ്മയുടെ വീട്ടിലെത്തിയതാണ്. മാതാവ് സൗദയോടൊപ്പമാണ് വാദിറഹ്മ മസ്ജിദിനു സമീപമുള്ള പാറക്കടവിൽ കുളിക്കാനിറങ്ങിയത്. ഫാത്തിമ നിദ അബദ്ധത്തിൽ അപകടത്തിൽ പെട്ടു. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കവേ ഫിദയും മുങ്ങിത്താണു.
ബഹളം കേട്ട് സമീപത്തെ അങ്ങാടിയിൽ നിന്നെത്തിയ യുവാക്കളാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഫായിസ് ഏക സഹോദരനാണ്.
പെരിന്തൽമണ്ണ മൂർക്കനാട് വെങ്ങാട് പള്ളിപ്പടിയിലെ പ്രവർത്തനരഹിതമായ ക്വാറിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അയാസ് മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ആറാട്ടുപുഴയിലെ മഅ്ദിനുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വെങ്ങാട് അത്തിപ്പറ്റ ജുമാമസ്ജിദിലെ ആണ്ടുനേർച്ചയിൽ പങ്കെടുക്കാൻ എടയൂർ പീടികപ്പടിയിൽ എത്തിയ സംഘത്തിലെ അംഗമായിരുന്നു കുട്ടി. മതപാഠസ്ഥാപനത്തിലെ നാലാം തരം വിദ്യാർത്ഥിയായിരുന്നു. ക്വാറിയിൽ കുളിക്കുന്നതിനിടെ കാൽ തെന്നി ആഴത്തിലേക്ക് വീണ് വെള്ളത്തിൽ മുങ്ങിയ കുട്ടിയെ കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഷെന. സഹോദരങ്ങൾ: യാസീൻ, അനാഫ്രിൻ.