താനൂർ: കിഫ്ബി മസാല ബോണ്ട് വിവാദമാക്കി സംസ്ഥാനത്തിന്റെ വികസനം തടയാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബി.ജെ.പിയുടെയും ദിവാസ്വപ്നം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവും ബി.ജെ.പിയും ചില കാര്യങ്ങൾ ഒന്നിച്ചാണ് പറയുകയെന്നും ഇടതുസ്വതന്ത്രൻ പി.വി.അൻവറിന്റെ താനൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയല്ല മസാല ബോണ്ടിന്റെ വിലയും പലിശയും തീരുമാനിക്കുന്നത്. മാനദണ്ഡങ്ങളനുസരിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നെന്നത് വലിയ നേട്ടമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപവും 21 ലക്ഷം കോടി രൂപ ആസ്തിയുമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായാണ്. സി.ഡി.പി.ക്യു ലാവ്‌ലിന് ഫണ്ട് കൊടുത്തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എസ്.ബി.ഐയുമായി സംസ്ഥാന സർക്കാരിനും നീരവ് മോദിക്കും ഇടപാടുകളുണ്ട്. അതിനർത്ഥം സംസ്ഥാന സർക്കാരും നീരവ് മോദിയും തമ്മിൽ ഇടപാടുണ്ടെന്നാണോ?. പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്നത് കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ദ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സംസ്ഥാന സർക്കാർ വരുത്തിവച്ചതാണെന്ന് കൂടി പറയാത്തത് ഭാഗ്യമാണ്. മാദ്ധ്യമങ്ങൾ പടച്ചുതള്ളുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ടു നൽകുന്നതെന്നും വാക്കുകൾ വളച്ചൊടിക്കുന്ന മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.