ele
പരിക്കേറ്റ ആദിവാസികളെ ആശുപത്രിയിലെത്തിച്ചപ്പോൾ

നിലമ്പൂർ: തേൻ ശേഖരിക്കാൻ ഉൾക്കാട്ടിൽ പോയ ആദിവാസികളായ രണ്ടു പേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ ബീരാൻ (60), പേരമകൻ രാജുമോൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 12ഓടെ വനത്തിനുള്ളിൽ ഇവർ ഉറങ്ങുന്ന സ്ഥലത്തേക്ക് ഒറ്റയാനെത്തുകയായിരുന്നെന്നാണ് ഒപ്പമുളളവർ പറയുന്നത്. ബീരാനെ എടുത്തെറിഞ്ഞ ആനയുടെ ചവിട്ടേറ്റാണ് രാജുമോന് കാലിന് പരിക്കേറ്റത്. വനത്തിനുള്ളിലായതിനാൽ പുറത്തേക്ക് കൊണ്ടു വരാൻ പുലരും വരെ കാത്തിരിക്കേണ്ടി വന്നു. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരടങ്ങുന്ന സംഘമാണ് തേൻ ശേഖരിക്കാൻ കോളനിയിൽ നിന്നും കിലോമീറ്ററുകൾ അകലെ ഉൾക്കാട്ടിലേക്ക് പോയത്.