fff
പ്രചാരണം

മലപ്പുറം: പോളിംഗ് ബൂത്തിലേക്ക് ഇനി രണ്ടാഴ്ച്ച മാത്രം ശേഷിക്കേ താരപ്രചാരകരെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കാനൊരുങ്ങുകയാണ് മുന്നണികൾ. ബി.ജെ.പിയാണ് താരപ്രചാരകരുടെ എണ്ണത്തിൽ മുന്നിൽ. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ,​ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി,​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് എന്നിവരെ അവസാനവട്ട പ്രചാരണത്തിന് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പൊന്നാനിയിലെ സ്ഥാനാ‌ർത്ഥി ഉണ്ണിക്കൃഷ്ണന്റെ പര്യടനത്തിനായി ബി.ജെ.പി അഖിലേന്ത്യാ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ ഇന്ന് രാത്രി എട്ടിന് എളങ്കൂരിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. പൊന്നാനിയിലും മലപ്പുറത്തും പ്രചാരണത്തിനായി മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വിജയ രഹാത്ക്കർ,​ ജനറൽ സെക്രട്ടറി വിക്ടോറിയ ഗൗരി എന്നിവർ ഇന്നെത്തും.

എൽ.ഡി.എഫിനായി സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി,​ വി.എസ്. അച്യുതാനന്ദൻ,​ പ്രകാശ് കാരാട്ട്,​ വൃന്ദകാരാട്ട് എന്നിവരെത്തും. 12ന് വൈകിട്ട് ആറിന് മലപ്പുറത്ത് പൊതുകൺവെൻഷനിൽ വി.എസ് പങ്കെടുക്കും. രാവിലെ ജില്ലയിലെത്തുന്ന വി.എസ്. ഒരു പരിപാടിയിലാണ് പങ്കെടുക്കുക. തുടർന്ന് കോഴിക്കോട്ടേക്ക് പോവും. 11ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പൊന്നാനിയിലെത്തും. 18ന് സീതാറാം യെച്ചൂരിയെത്തും. വൈകിട്ട് 3.30ന് വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട വണ്ടൂരിലും 5.30ന് എടപ്പാൾ,​ 6.30ന് തിരൂർ എന്നിവിടങ്ങളിൽ യെച്ചൂരി പങ്കെടുക്കും. 16ന് ജില്ലയിലെത്തുന്ന പ്രകാശ് കാരാട്ട് രാവിലെ തൃത്താല,​ വൈകിട്ട് 4ന് വളാഞ്ചേരി,​ 5.30ന് കൂട്ടിലങ്ങാടി,​ ഏഴിന് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. വൃന്ദകാരാട്ട് 19ന് രാവിലെ വള്ളിക്കുന്ന് അത്താണിക്കലിലെ പൊതുയോഗത്തിലും വൈകിട്ട് നാലിന് പെരിന്തൽമണ്ണ,​ 5.30ന് ആലത്തിയൂർ. 6.30ന് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലുമെത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരുമണ്ഡലങ്ങളിലും പ്രചാരണം നടത്തിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ മെമ്പർമാരടക്കം പ്രമുഖ നേതാക്കൾ ഇതിനകം മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. യു.ഡി.എഫിനായി കേന്ദ്രത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ആരെല്ലാമെന്നതിൽ തീരുമാനമായിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഇന്നലെ പൊന്നാനിയിലെ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനായി പ്രചാരണത്തിനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കോൺഗ്രസ് നേതാക്കൾ ഇതിനകം പ്രചാരണത്തിനെത്തിയിട്ടുണ്ട്.

അവർ ഓട്ടത്തിൽ

സാനു

പരമാവധി പേരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥിക്കാനാണ് സ്ഥാനാർത്ഥികളുടെ ഓട്ടം. മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സാനു ഇന്നലെ മങ്കട നിയോജക മണ്ഡലത്തിൽ 36 സ്വീകരണ കേന്ദ്രങ്ങളിലെത്തി. കൂട്ടിലങ്ങാടിയിൽ നിന്നാരംഭിച്ച് മങ്കട,​ മക്കരപ്പറമ്പ്,​ കുറുവ,​ പുഴക്കാട്ടിരി,​ അങ്ങാടിപ്പുറം,​ മൂർക്കനാട് പഞ്ചായത്തുകളിലായി വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് അഞ്ച് സ്വീകരണ കേന്ദ്രങ്ങളെന്ന നിലയിലായിരുന്നു പര്യടനം.

കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും മങ്കട നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം. 50 സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു. കുറുവയിൽ മാത്രം 12 സ്വീകരണ കേന്ദ്രങ്ങളിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്. മിക്ക പഞ്ചായത്തുകളിലും അഞ്ചിലധികം സ്വീകരണങ്ങളാണ് ഒരുക്കിയത്. കുടുംബസംഗമങ്ങളിലും കൺവെൻഷനുകളിലും പങ്കെടുത്താണ് പ്രചാരണം മുന്നേറുന്നത്.

പി.വി. അൻവർ

പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ ഇന്നലെ 22 സ്വീകരണ കേന്ദ്രങ്ങളിലാണ് പങ്കെടുത്തത്. ഇന്ന് തവനൂരിൽ 38 പര്യടന കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇ.ടി. മുഹമ്മദ് ബഷീർ

യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീ‌റിന് തിരൂർ മണ്ഡലത്തിൽ ഇന്നലെ 68 സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയത്. തിരുന്നാവായ പഞ്ചായത്തിലെ ചേരുലാലിൽ നിന്നാണ് പര്യടനം തുടങ്ങിയത്.

വി. ഉണ്ണിക്കൃഷ്ണ ൻ

മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലായിരുന്നു. കിളിക്കുന്നുകാവ് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പര്യടനം മേലാറ്റൂരിൽ സമാപിച്ചു. 15 സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

വി.ടി. രമ

പൊന്നാനിയിലെ സ്ഥാനാർത്ഥി വി.ടി.രമയുടെ പര്യടനം തവനൂരിലായിരുന്നു. ആനപ്പാടിയിൽ നിന്നാരംഭിച്ച് എടപ്പാൾ തട്ടാൻപടി വരെ 23 കേന്ദ്രങ്ങൾ സന്ദർശിച്ചു.