പെരിന്തൽമണ്ണ: നഗരസഭ കാര്യാലയത്തിന്റെ പിറകിലായി നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ പൂർത്തിയാക്കി നഗരത്തിലെ യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ 49-ാമത് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത, മാനത്തുമംഗലം-ഓരാടംപാലം ബൈപ്പാസ് എന്നിവ ഉടൻ ആരംഭിക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി.വി.എസ് ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് വർഷാന്ത പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചമയം ബാപ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.എ. മജീദ്, നിഖിൽ ഇബ്രാഹീം, പി.ടി.എസ് മൂസു, ഷാലിമാർ ഷൗക്കത്ത്, കെ.ടി.മൊയ്തുട്ടിമാൻ ഹാജി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജമീല ഇസ്സുദ്ദീൻ, റജീന ഷൈജൽ, നിഷ അനസ്, സുഹറ അബൂബക്കർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ചമയം ബാപ്പു (പ്രസിഡന്റ്), ഷാലിമാർ ഷൗക്കത്ത് (ജന. സെക്രട്ടറി), സി.പി. മുഹമ്മദ് ഇഖ്ബാൽ (ട്രഷറർ), കെ.പി. ബാപ്പു ഹാജി, പി.ടി.എസ് മൂസു, ലിയാഖത്തലിഖാൻ, യൂസഫ് രാമപുരം എന്നിവരെ വൈസ് പ്രസിഡന്റുമാരായും വാര്യർ എസ് ദാസ്, പി.പി. സെയ്തലവി, കെ.പി. ഉമ്മർ, കെ. അബ്ദുൽ ലത്തീഫ്, വി.അബ്ദുൽ ഗഫൂർ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഒമർ ഷെരീഫ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.