ddd
പി വി അൻവർ പൊന്നാനിയിൽ എത്തിയപ്പോൾ


പൊന്നാനി: കത്രിക ചിഹ്നത്തെ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ച് പൊന്നാനി ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ റോഡ്‌ഷോ. തിങ്കളാഴ്ച വൈകിട്ടോടെ തിരഞ്ഞെടുപ്പ് ചിഹ്നമായി കത്രിക ലഭിച്ചതോടെ ചിഹ്നം വോട്ടർമാരിലേക്കെത്തിക്കാൻ വ്യത്യസ്ത പരിപാടികളുമായാണ് എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തിറങ്ങിയത്. രണ്ട് അപരൻമാരുള്ളതിനാൽ പേരിനൊപ്പം ചിഹ്നത്തിനു കൂടി പ്രാധാന്യം കൊടുത്ത് പരമാവധി വോട്ടുകൾ നഷ്ടപ്പെടാതെ നോക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഇ.ടി. മുഹമ്മദ് ബഷീറിന് മൂന്ന് അപരൻമാരുണ്ടെങ്കിലും അദ്ദേഹം പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നതിന്റെ ആനുകൂല്യമുണ്ട്. ഈ ആനുകൂല്യമില്ലാത്തതിനാൽ വരും ദിനങ്ങളിലും ചിഹ്നത്തിന് വലിയ പ്രധാന്യം നൽകിയാവും പ്രചാരണം.

അലങ്കരിച്ച തുറന്ന ജീപ്പിൽ രാവിലെ ഒമ്പതിന് ആലങ്കോട് അട്ടേക്കുന്നത്ത് നിന്നാണ് അൻവറിന്റെ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്. അഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് കത്രിക ചിഹ്നമേന്തിയ പ്ലക്കാർഡുകളുമായി എത്തിയിരുന്നത്. ചുറ്റുംകൂടിയ വോട്ടർമാർക്കിടയിൽ സ്വതസിദ്ധമായ ശൈലിയിൽ ഏതാനും വാക്കുകൾ പങ്കുവെച്ചു. കാൽനട യാത്രക്കാരെയും കണ്ടു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകരും ഒപ്പം ചേർന്നു. പ്രവർത്തകരും മറ്റും കത്രിക ചിഹ്നമേന്തി കവലകളിൽ കാത്തു നിന്നു. സ്വീകരണ കേന്ദ്രങ്ങളിൽ കത്രിക ചിഹ്നം അലങ്കരിച്ച പോസ്റ്ററുകളുമായി യുവാക്കൾ അണിനിരന്നിരുന്നു.

പൊന്നാനി നഗരത്തിലായിരുന്നു ഇന്നലത്തെ പ്രചാരണത്തിന്റെ സമാപനം. ഇടതു നേതാക്കളായ സൈനുദ്ദീൻ, ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീൻ, റഫീഖ് മാറഞ്ചേരി, എന്നിവർ സംസാരിച്ചു.