ff
വെളിയങ്കോട്ടെത്തിയ ഉമ്മൻചാണ്ടി

പൊന്നാനി: സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാവും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വെളിയങ്കോട് നടന്ന യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽ.ഡി.എഫ് ഒന്നും ശരിയാക്കിയില്ല. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് തെളിഞ്ഞപ്പോൾ സത്യം പറയുന്നവരെ മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ്. സത്യം കണ്ടെത്തിയ അമിക്കസ് ക്യൂറിയെ കുറ്റം പറയാനാണ് സർക്കാർ രംഗത്ത് വരുന്നത്.തെറ്റുപറ്റിയെന്ന് ബോദ്ധ്യയമായാൽ ഇത് തിരുത്താൻ തയ്യാറാവേണ്ടതിന് പകരം സത്യം പറയുന്നവരെ ആക്ഷേപിക്കുകയാണ്.

മസാല ബോണ്ട് വരുന്നതിനെയല്ല, മസാല ബോണ്ട് വാങ്ങുന്നതിന് ഇപ്പോൾ ഏർപ്പെടുത്തിയ ഏജൻസിയെയാണ് പ്രതിപക്ഷം എതിർക്കുന്നത്. ഏഷ്യൻ ഡെവല്പമെന്റ് ബാങ്കിൽ നിന്നും ലോകബാങ്കിൽ നിന്നും സഹായം സ്വീകരിക്കുന്നതിനെ എതിർത്ത് സംസ്ഥാനത്തിന്റെ വികസനത്തെ മാർക്‌സിസ്റ്റ് പാർട്ടി പിറകോട്ട് വലിച്ചു. ഇപ്പോൾ നിലപാട് മാറിയതെങ്ങനെയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.

ചടങ്ങിൽ ടി.പി. കേരളീയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ്, ജില്ലാ യു.ഡി.എഫ്.ചെയർമാൻ പി.ടി.അജയ് മോഹൻ, അഷ്‌റഫ് കോക്കൂർ, എം.വി.ശ്രീധരൻ, അഹമ്മദ് ബാഫഖി തങ്ങൾ, യു. അബൂബക്കർ ,സുഹറ മമ്പാട്, കെ.കെ.ബീരാൻ കുട്ടി, സിദ്ദിഖ് പന്താവൂർ ,ഷാനവാസ് വട്ടത്തൂർ ,എം.ഹസീബ്, ഷമീർ ഇടിയട്ടേൽ, യൂസുഫ് ഷാജി എന്നിവർ സംസാരിച്ചു.