km

മലപ്പുറം: 'കെട്ടിപ്പുണർന്ന് കുതികാൽ വെട്ടുന്നവർക്കിടയിൽ കുഞ്ഞാലിക്കുട്ടിയെ നമ്പാം. കൂടെ നിന്നാൽ ചതിക്കില്ല'. ബാർകോഴ വിവാദം കത്തിനിൽക്കുമ്പോൾ യു.ഡി.എഫിൽ ഒറ്റപ്പെട്ട കെ.എം. മാണിയുടെ വാക്കുകളാണിത്. കേരള കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലെ പാർട്ടി ബന്ധത്തിനും മുകളിലായിരുന്നു മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മിലെ വ്യക്തിബന്ധം. മാണി യു.ഡി.എഫ് വിട്ടപ്പോഴും അദ്ദേഹവുമായി നിരന്തരം സമ്പർക്കം പുലർത്തിയതും കുഞ്ഞാലിക്കുട്ടി മാത്രം. ഒരുതവണ പോലും പരസ്പരം വിർശിച്ചിട്ടില്ല. മുന്നണി വിട്ടെങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നുള്ള 2017ലെ മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് പരസ്യ പിന്തുണയുമായി മാണിയെത്തി. യു.ഡി.എഫിലേക്കുള്ള പാലവുമല്ല, കലുങ്കുമല്ല. കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണയെന്നാണ് അന്ന് മാണി പറഞ്ഞത്.

ബാർ കോഴ വിവാദത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന വികാരം മാണി കോൺഗ്രസിൽ ശക്തമാവുകയും യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ മാണിയെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തൊട്ടുപിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വിളിയെത്തിയതോടെ അടുത്ത യോഗത്തിൽ പങ്കെടുക്കാമെന്ന് മാണി സമ്മതിച്ചു. എത്രവലിയ രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ഈ ഹൃദയബന്ധം ശക്തമായിരുന്നു. ബാർകോഴ വിവാദത്തിൽ ലീഗിനുള്ളിലെ മുറുമുറുപ്പുകൾ പോലും മറികടന്നാണ് കുഞ്ഞാലിക്കുട്ടി മാണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത്.

കെ.എം. മാണിക്ക് യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള വേദിയൊരുക്കിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു. കോഴിക്കോട് ചേർന്ന ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ കണ്ടാൽ മിണ്ടാതിരുന്ന കെ.എം. മാണിയെയും കോൺഗ്രസ് നേതാക്കളെയും ഒന്നിച്ചിരുത്തി കൈകൊടുപ്പിച്ചു. കേരള കോൺഗ്രസ് യു.ഡി.എഫിൽ ഉണ്ടാവണമെന്ന വ്യക്തമായ സന്ദേശം കുഞ്ഞാലിക്കുട്ടി വേദിയിൽ വച്ചുതന്നെ കോൺഗ്രസ് നേതാക്കൾക്കേകി. യു.ഡി.എഫിലേക്ക് മടങ്ങുന്നതിന്റെ ഉപാധിയായി രാജ്യസഭ സീറ്റ് വേണമെന്ന മാണിയുടെ നിലപാടിന് പിന്തുണ നൽകിയതും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഈ ഇഴയടുപ്പമാണ് കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയുമെന്ന പ്രയോഗം തന്നെ സമ്മാനിച്ചത്. ഏറ്റവുമൊടുവിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിൽ മാണിയും ജോസഫും തമ്മിലുണ്ടായ പ്രശ്നത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്താൻ കോൺഗ്രസ് നിയോഗിച്ചതും കുഞ്ഞാലിക്കുട്ടിയെയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി മാണിയെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. നഷ്ടപ്പെട്ടത് ബന്ധുവിനെയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കിലുമുണ്ട് നഷ്ടത്തിന്റെയും അടുപ്പത്തിന്റെയും ആഴം.