hhh
തിരുനാവായ റെയിൽവേ സ്റ്റേഷൻ

തവനൂർ: വർഷങ്ങളേറെ പഴക്കമുണ്ടെങ്കിലും അവഗണനയിൽ മുൻപന്തിയിലാണ് തിരുനാവായ റെയിൽവേ സ്റ്റേഷന്റെ സ്ഥാനം. തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലുള്ള ചെറിയ റെയിൽവേ സ്റ്റേഷനാണ് തിരുനാവായ. പക്ഷേ, നിരവധി പേർ ഇവിടെനിന്നും ട്രെയിൻ യാത്രയെ ആശ്രയിക്കുന്നുണ്ട്. രാവിലത്തെ ലോക്കൽ ട്രെയിനിലും വൈകിട്ടത്തെ എക്സിക്യുട്ടീവ്, ലോക്കൽ ട്രെയിനുകളിലും നിരവധി പേർ യാത്രചെയ്യുന്നുണ്ട്. വിദ്യാർത്ഥികളും ജോലിക്കാരും സാധാരണ യാത്രക്കാരുമാണ് റെയിൽവേ സ്റ്റേഷനെ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഒന്നാമത്തെയും രണ്ടാമത്തെയും പ്ളാറ്റ്ഫോമുകളിൽ മേൽക്കൂരകളോ വേണ്ടത്ര ഇരിപ്പിടങ്ങളോ ഇല്ല. ഇത് കടുത്ത വേനലിൽ യാത്രക്കാരെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നു. മഴക്കാലത്തും ബുദ്ധിമുട്ടാണ്. കുടിവെള്ള സംവിധാനം ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. കടകളും മറ്റും അൽപ്പം വിട്ടാണ് സ്ഥിതിചെയ്യുന്നത് എന്നതാണ് കാരണം. തീർത്ഥാടന ടൂറിസത്തിന് പ്രാധാന്യമുള്ള സ്റ്റേഷനാണ് തിരുനാവായ. നവാമുകുന്ദ ക്ഷേത്രത്തിലേക്ക് എത്താനായി പലരും ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം