നിലമ്പൂർ: നഗരസഭയ്ക്കു കീഴിൽ സർക്കാർ നിർദ്ദേശ പ്രകാരം കുടിവെള്ള വിതരണം നടത്താനുള്ള ടെൻഡർ അംഗീകരിക്കാൻ നിലമ്പൂർ നഗരസഭയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മുക്കുർശ്ശി കോളനിയിൽ നഗരസഭയുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് സ്ഥാപിക്കും. വാട്ടർ അതോറിറ്റി വഴി നൽകുന്ന കുടിവെള്ളം ടാങ്കിൽ ശേഖരിച്ച് കോളനിയിലേക്ക് വിതരണം ചെയ്യാനാണ് തീരുമാനം. സർക്കാർ നിർദ്ദേശ പ്രകാരം കുടിവെള്ള വിതരണം ചെയ്യാൻ ലഭിച്ച കുറഞ്ഞ നിരക്കിലുള്ള ടെൻഡർ അംഗീകരിച്ച് തുടർനടപടികളെടുക്കും. 7500 ലിറ്റർ പ്രകാരം മൂന്ന് ട്രിപ്പ് ആണ് ഒരു ദിവസം കുടിവെള്ള വിതരണം നടത്തേണ്ടത്. നഗരസഭയ്ക്ക് സ്വന്തമായി കുടിവെള്ള വിതരണത്തിനുള്ള വാഹനമില്ലാത്തത് പ്രശ്‌നമാകുന്നുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. വാഹനം വാങ്ങാൻ ഫിനാൻസ് വകുപ്പിൽ നിന്നും അനുമതിക്ക് വീണ്ടും ശ്രമിക്കും. കുടിവെള്ള വിതരണത്തിനായി വാടകയ്ക്ക് ഉപയോഗിക്കുന്ന വാഹനം ജി.പി.എസ് ഘടിപ്പിച്ചതാകണം. ഇതിൽ നിന്നുള്ള ട്രിപ്പ് ഷീറ്റ് അനുസരിച്ചാണ് പണം നൽകേണ്ടത്. ഇവ തദ്ദേശ സ്വയം ഭരണ സെക്രട്ടറി, വില്ലേജ് ഓഫീസർ, വാർഡ് കൗൺസിലർ എന്നിവർ സാക്ഷ്യപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. മുൻ മന്ത്രി കെ.എം.മാണിയുടെ നിര്യാണത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി