മലപ്പുറം: കാളികാവിൽ മൂന്നര വയസുകാരിയെ കുടുംബം പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ തുടർനടപടിയെടുക്കുന്നതിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ കടുത്ത അലംഭാവം. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പൊലീസ് നടപടി സംബന്ധിച്ച റിപ്പോർട്ട് അറിയിക്കണമെന്ന് ജില്ലാ ജുവനൈൽ പൊലീസ് യൂണിറ്റ് നോഡൽ ഓഫീസറായ ഡി.സി.ആർ.ബി ഡിവൈ.എസ്.പിയോട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സി.ഡബ്ല്യു.സി) നിർദ്ദേശിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. തുടർന്ന് കാളികാവ് എസ്.എച്ച്.ഒയുമായി ടെലഫോണിൽ ബന്ധപ്പെട്ടപ്പോൾ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സി.ഡബ്ല്യു.സി ചെയർമാൻ ഷാജേഷ് ഭാസ്ക്കർ പറഞ്ഞു. ചൈൽഡ് ലൈൻ കുട്ടിയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമുണ്ടായിരുന്നു. ഇവർ കുട്ടിയുടെ ദുരവസ്ഥ നേരിട്ട് കണ്ടതാണ്. കുട്ടി നേരിട്ട പ്രയാസങ്ങളും പീഡനങ്ങളും ചൈൽഡ് ലൈൻ റിപ്പോർട്ടിലും പറയുന്നുണ്ട്. വിഷയത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നെന്നും സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു. നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരമേ സി.ഡബ്ല്യു.സിക്കുള്ളൂ. നിയമ നടപടികളെടുക്കേണ്ടത് ജുവനൈൽ പൊലീസ് യൂണിറ്റാണ്.
കുട്ടി പട്ടിണിയിലാവാനുള്ള സാഹചര്യവും കുടുംബത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച മറുപടി സി.ഡബ്ല്യു.സിക്ക് ലഭിച്ചിട്ടില്ല. കുട്ടികൾക്ക് പോഷകാഹാര കുറവ് നേരിട്ടതിൽ ആശവർക്കർ, അംഗൻവാടി വർക്കർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരുടെ വീഴ്ച്ച സംബന്ധിച്ച് അന്വേഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ച്ച ബോദ്ധ്യപ്പെട്ടാൽ നടപടിക്ക് സി.ഡബ്ല്യു.സി ശുപാർശ ചെയ്യും. പട്ടിണി മൂലമുള്ള പോഷകാഹാര കുറവിനെ തുടർന്ന് കുട്ടിയുടെ കാലുകൾക്ക് വളവുണ്ട്.
മലപ്പുറം മൈലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിലുള്ള കുട്ടിയെ മലപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ശിശുരോഗ വിദഗ്ദ്ധൻ പരിശോധിച്ചു. ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടാക്കിയ പ്രത്യാഘാതങ്ങളും എല്ലിന്റെ വളർച്ചയുമാണ് വിലയിരുത്തിയത്. കൂടുതൽ പരിശോധനയ്ക്കായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കുട്ടിയുടെ ഭാവിയിലെ ചികിത്സയുടെ മേൽനോട്ടം മെഡിക്കൽ ബോർഡിനായിരിക്കും. ചികിത്സയ്ക്കുള്ള ഫണ്ട് സംസ്ഥാന സർക്കാരിന്റെ ശിശുക്ഷേമ പദ്ധതികളിൽ നിന്ന് കണ്ടെത്തും. മാതാവും ചെറിയ കുട്ടിയും ഒരുമിച്ചും രണ്ട് കുട്ടികൾ മറ്റൊരിടത്തും മർദ്ദനമേറ്റ മൂന്നര വയസ്സുകാരി മലപ്പുറത്തും സംരക്ഷണ കേന്ദ്രങ്ങളിലാണ്. പൊലീസിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറുടെയും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാനാണ്.സി.ഡബ്ല്യു.സി ചെയർമാന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന സീറ്റിംഗിൽ തീരുമാനിച്ചത്. സമിതിയംഗങ്ങളായ ദാനദാസ്, സനൂജ ബീഗം, പി. ഷീന പങ്കെടുത്തു.
മർദ്ദിച്ചതും പട്ടിണിക്കിട്ടതും അമ്മൂമ്മ
പീഡനത്തിന് ഇരയായ മൂന്നരവയസുകാരി ജനിച്ചശേഷം കുടുംബത്തിന് കഷ്ടപ്പാടാണെന്ന് ആരോപിച്ച് അമ്മൂമ്മയാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചതും പട്ടിണിക്കിട്ടതും. അമ്മൂമ്മ മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യാറുണ്ടെന്ന് സഹോദരങ്ങളും മൊഴി നൽകിയിട്ടുണ്ട്. മൂന്നര വയസുകാരിക്ക് പുറമെ ഒമ്പത്, നാല് വയസ്സുള്ള ആൺകുട്ടികളും രണ്ട് വയസുള്ള പെൺകുട്ടിയുമാണ് ഇവിടെയുള്ളത്. പോഷകാഹാരക്കുറവ് മൂലം ഇവർക്കൊന്നും പ്രായത്തിന് അനുസരിച്ചുള്ള വളർച്ചയില്ല. ഒമ്പത് വയസുകാരനെ സ്കൂളിലും ചേർത്തിട്ടില്ല. ഭർത്താവ് ഉപേക്ഷിച്ച് പോയ ശേഷം യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇയാളും ഉപേക്ഷിച്ചതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. യുവതിയുടെ പിതാവ് വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളയാളാണ്.