മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്താമത് ഉറൂസ് 15 ന് നടക്കും. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങൾ സ്മാരക അവാർഡ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമസ്ത ജില്ലാ മുഷാവറ അംഗവും കോടങ്ങാട് മുദരിസുമായ അബ്ദുൽ ഗഫൂർ മുതൂരിന് സമ്മാനിക്കും. കാലത്ത് എട്ടിന് പാണക്കാട് മഖാമിൽ നടക്കുന്ന സിയാറത്തിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ഒമ്പതിന് കൊണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദിൽ നടക്കുന്ന അനുസ്മരണപ്രാർത്ഥന സദസ്സിന് മൗലിദ് പാരായണത്തോടെ തുടക്കമാവും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.