fff
.

പൊന്നാനി: തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പൊന്നാനിയിലെ പ്രചാരണം ടോപ്പ് ഗിയറിലേക്ക്. മുസ്ലിം ലീഗ് എം.പിമാർ തിരഞ്ഞെടുക്കപ്പെട്ട 42 വർഷത്തെ കുറ്റപത്രവുമായി എൽ.ഡി.എഫും ഇ.ടി. മുഹമ്മദ് ബഷീർ പാർലമെന്റംഗമായ കഴിഞ്ഞ പത്ത് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി യു.ഡി എഫും രംഗത്തെത്തി.

പ്രോഗ്രസ് റിപ്പോർട്ടും കുറ്റപത്രവും കൊണ്ട് വീടുകൾ കയറിയിറങ്ങുകയാണ് യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ

.യു.ഡി.എഫിന്റെ പ്രോഗ്രസ് റിപ്പോർട്ട്

റെയിൽവേ മേഖലയിൽ 18.5 കോടി രൂപയുടെ വികസനം നടപ്പാക്കിയെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.

താനൂർ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനായി മൊത്തം നിർമ്മാണ തുകയുടെ 75% കേന്ദ്രവിഹിതമായി അനുവദിച്ചു. തൃശൂർ പൊന്നാനി കോൾ വികസനത്തിന് ബൃഹത് പദ്ധതികൾ നടപ്പാക്കി.ആർ.ഐ.ഡി.എഫ് പദ്ധതി പ്രകാരം കോൾ മേഖലയുടെ ഭൗതികവികസനത്തിന് 300 കോടി അനുവദിച്ചു. ആർ.കെ.വി.വൈ പദ്ധതി പ്രകാരം 1 14 കോടിയും അനുവദിച്ചു.

ആശാൻ പടി മുതൽ പറവണ്ണ വരെ തീരദേശ പാതയുടെ നിർമ്മാണം, 54 കോടി രൂപ ചെലവിൽ കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാത, 17 കോടി രൂപ ചെലവിൽ പഴയ പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയുടെ പുനരുദ്ധാരണം എന്നിങ്ങനെയാണ് പൊതുമരാമത്ത് മേഖലയിലെ പ്രധാന ഇടപെടലുകൾ. നിരവധി റോ‌ഡുകളും യാഥാർത്ഥ്യമാക്കി.

ആരോഗ്യമേഖലയിൽ ഏഴ് ഡയാലിസിസ് സെന്ററുകൾ ആരംഭിച്ചു. ടൂറിസം രംഗത്ത് കൂട്ടായി പടിഞ്ഞാറക്കര ചിൽഡ്രൻസ് പാർക്ക്, പൊന്നാനി മറൈൻ മ്യൂസിയം എന്നിവയാണുള്ളത്.

.കഴിഞ്ഞ 10 വർഷത്തിനിടെ എം പി ഫണ്ടിൽ നിന്ന് 46 കോടി രൂപ ചെലവഴിച്ചെന്നാണ് യു ഡി എഫിന്റെ അവകാശവാദം.

എൽ.‌ഡി.എഫ് കുറ്റപത്രം

കഴിഞ്ഞ 42 വർഷം പൊന്നാനിയെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് എം.പിമാർഒരൊറ്റ കേന്ദ്രാവിഷ്‌കൃത പദ്ധതി പോലും മണ്ഡലത്തിൽ നടപ്പാക്കിയില്ലെന്ന് എൽ.ഡി.എഫ് കുറ്റപത്രം ആരോപിക്കുന്നു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തിരൂരിൽ 32 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. രാജധാനി എക്‌സ്‌പ്രസിന് സ്റ്റോപ്പില്ലാത്ത ഏക ജില്ല മലപ്പുറമാണ്. എസ്‌കലേറ്റർ ഇല്ലാത്ത സംസ്ഥാനത്തെ ഏക പ്രധാന റെയിൽവേസ്റ്റേഷനാണ് തിരൂർ.തിരുന്നാവായ-ഗുരുവായൂർ റെയിൽപാതയ്ക്കാി ഒന്നും ചെയ്തില്ല.

കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയുടെ നിർമ്മാണം പൊന്നാനി, തവന്നൂർ എം.എൽ.എമാരുടെ ഇടപെടലിന്റെ ഫലമായി സംസ്ഥാന സർക്കാരാണ് പൂർത്തിയാക്കിയത്. എം.പിയുടെ ദൗർബല്യമാണ് ദേശീയ പാത നിർമ്മാണം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ടാക്കിയത്.

സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയമില്ലാത്ത ഏക മണ്ഡലമാണ് പൊന്നാനി. എയ്ഡഡ് മേഖലയിലെ ഉന്നത വിദ്യഭ്യാസ കേന്ദ്രവും ഐ.ഐ.ടിയും സ്വപ്നമായി അവശേഷിക്കുന്നു. താനൂർ, പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖങ്ങളോട് അവഗണന തുടരുകയാണ്.സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താനൂരിലും പരപ്പനങ്ങാടിയിലും ഹാർബർ നിർമ്മാണം നടക്കുന്നത്.

ആരോഗ്യമേഖലയിൽ യാതൊന്നും നടപ്പാക്കിയില്ല. കടൽഭിത്തിക്ക് പണം അനുവദിച്ചില്ല. എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12.5 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടുതൽ പ്രവാസികളുള്ള മണ്ഡലമായിട്ടും പാസ്‌പോർട്ട് സേവാകേന്ദ്രമില്ല. ഒരു വ്യവസായം പോലും കൊണ്ടു വന്നില്ല. മറ്റു മണ്ഡലങ്ങളിലെ മൂന്ന് എം.പിമാർ തുഞ്ചൻപറമ്പിന് പണം അനുവദിച്ചിട്ടും പൊന്നാനി എം.പി നിസ്സഹകരിച്ചുവെന്ന് കുറ്റപത്രം പറയുന്നു.