vv
.

നിലമ്പൂർ: കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യ വൻ സാമ്പത്തിക വളർച്ച കൈവരിച്ചുവെന്ന് വയനാട് ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂർ നിയോജകമണ്ഡലം എൻ.ഡി.എ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്തോ അത്ഭുതം ആണെന്നാണ് പ്രചാരണം. എന്നാൽ നാടകം കളിക്കാൻ മാത്രമായാണ് രാഹുൽ ഇവിടെയെത്തിയത്. കേരളത്തിൽ ഇത്തരത്തിലുള്ള നാടകം വേണ്ട. ഇത്രയും കാലം പ്രതിനിധീകരിച്ച അമേഠിയിൽ വികസനമെത്തിക്കാൻ രാഹുലിനായിട്ടില്ല. മോദി സൗത്ത് ഇന്ത്യയെ അവഗണിക്കുന്നുവെന്നാണ് പറയുന്നത്. ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ച പോലെ നോർത്ത് ഇന്ത്യ ,​ സൗത്ത് ഇന്ത്യ എന്ന് വിഭജിക്കാനാണോ രാഹുലെത്തിയതെന്ന് തുഷാർ ചോദിച്ചു. സി.പി.എമ്മിനെക്കുറിച്ച് ഒന്നും പറയില്ലെന്ന് പറയുന്നത് തമിഴ്‌നാട്ടിൽ ഒന്നിച്ചായതുകൊണ്ടാവാം. ഇന്ത്യയ്ക്ക് വേണ്ടത് നട്ടെല്ലുള്ള ഭരണാധികാരിയാണ്. അത് മോദിയാണ് - തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീർ ഉദ്ഘാടനം ചെയ്തു. മാറിയ സാഹചര്യങ്ങളിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അഡ്വ.എ.കെ.നസീർ പറഞ്ഞു. എൻ.ഡി.എയ്ക്ക് അനുകൂല സാഹചര്യമാണ് ഇപ്പോഴുണ്ടായത്. മറ്റു മുന്നണികൾ ഇപ്പോൾ ബി.ജെ.പിയെ കുറിച്ച് ചർച്ച നടത്തുന്ന സാഹചര്യമാണ് ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ വിജയസാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു..സി.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുധീഷ് ഉപ്പട അദ്ധ്യക്ഷനായിരുന്നു. അഡ്വ.സിനിൽ മുണ്ടപ്പള്ളി, സദാനന്ദൻ വയനാട്, കെ.പി.ബാബുരാജ്, കെ.രാമചന്ദ്രൻ, സുഭാഷ് വാസു, പൈലി വാത്യാട്ട്, അഡ്വ.ടി.കെ അശോക് കുമാർ, കെ.പ്രഭാകരൻ, വി.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷനോടനുബന്ധിച്ച് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയും നടത്തി.