vbbb
.

മഞ്ചേരി: 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ. ഗൂഡല്ലൂർ അത്തിപാളി മൂരിക്കുന്നൻ മുഹമ്മദ് ആഷിഖ്(23)​, താനൂർ ചുറ്റനകത്ത് മുഹമ്മദ് മുനാഫ് (22)​ എന്നിവരെയാണ് ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വില്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളിയടക്കം എട്ടോളം പേരെ പ്രത്യേക സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജില്ലയിൽ വൻതോതിൽ കഞ്ചാവെത്തിക്കുന്ന അന്തർജില്ലാ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഈ കണ്ണിയിൽ പെട്ട രണ്ടു പേരെ രണ്ടു കിലോ കഞ്ചാവുമായി കൊണ്ടോട്ടിയിൽ പിടികൂടിയിരുന്നു. ജില്ലയിലെ തീരദേശ മേഖലകളിലേക്കും കഞ്ചാവെത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായത്. മുമ്പും നിരവധി തവണ കഞ്ചാവെത്തിച്ചിരുന്ന പ്രതികൾ ആദ്യമായാണ് പിടിയിലാകുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ഇടനിലക്കാരായ മലയാളികൾ വഴി കിലോയ്ക്ക് 1000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങുന്നത്. കേരളത്തിൽ എത്തുന്നതോടെ വില 10000 രൂപയാകും. ജില്ലയിലെ മൊത്ത വിതരണക്കാരായ ആളുകളെ കുറിച്ച് പ്രതികളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചുവരികയാണ്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.