നിലമ്പൂർ: രാഹുൽ ഗാന്ധി സ്ഥാനാർത്ഥിത്വം പിൻവലിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്ന് സി.പി.എെ ദേശീയ സെക്രട്ടറി വി. സുധാകര റെഡ്ഡി പറഞ്ഞു. എൽ.ഡി.എഫ് നിലമ്പൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാരിനെ താഴെയിറക്കാൻ മതനിരപേക്ഷ സഖ്യത്തിന് നേതൃത്വം കൊടുക്കേണ്ട കോൺഗ്രസും രാഹുൽ ഗാന്ധിയും ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുക. സമയം ഇനിയും വൈകിയിട്ടില്ല. രാഹുൽ ഗാന്ധി വയനാട്ടിലെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി സുനീറിന് പിന്തുണ നൽകി ചരിത്ര നിയോഗം ഏറ്റെടുക്കണം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മാത്രമായിരിക്കും. നരേന്ദ്രമോദിക്കെതിരെ മഹാസഖ്യത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസിന് അത് പാലിക്കാൻ കഴിയാത്തതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പോരായ്മ. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായും രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ ബി.എസ്.പി, എസ്.പി കക്ഷികളുമായി സഖ്യം രൂപീകരിക്കാൻ കഴിഞ്ഞില്ല. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരേ രാജ്യം ഒറ്റക്കെട്ടായി മത്സരിക്കേണ്ട അവസരത്തിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരേ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. പ്രബുദ്ധരായ വയനാട്ടിലെ വോട്ടർമാർ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നയത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളത്. കോർപ്പറേറ്റുകളെ സഹായിക്കുന്നതിലൂടെ കണക്കില്ലാത്ത കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
സി.പി.എം ഏരിയ കമ്മിറ്റിയംഗം എൻ വേലുക്കുട്ടി അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യൂ, ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു, മാത്യു കാരാംവേലി, ആർ. പാർത്ഥസാരഥി, ജോർജ് കെ. ആന്റണി, ഇസ്മായിൽ എരഞ്ഞിക്കൽ, കെ. മനോജ്, ബിജു കനകക്കുന്നേൽ, എം.എ വിറ്റാജ്, ടി.കെ ഗിരീഷ് കുമാർ, കെ റഹീം, പി.എം ബഷീർ, മാട്ടുമ്മൽ സലീം, കെ.എ. പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.