മലപ്പുറം : ഗൾഫിലേക്കുള്ള അവധിക്കാല ടിക്കറ്റ് കൊള്ളയ്‌ക്കായി വിമാനക്കമ്പനികളുടെ മത്സരം. സ്വകാര്യ കമ്പനികൾക്കൊപ്പം എയർ ഇന്ത്യയും ടിക്കറ്റ് നിരക്ക് മാർച്ച് അവസാനം മുതൽ മൂന്നിരട്ടിയോളമാക്കി. വേനലവധിക്ക് ഗൾഫിലേക്കുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണിത്. തിരക്ക് വർദ്ധിച്ചതോടെ പല സെക്ടറിലേക്കും ടിക്കറ്റും ലഭ്യമല്ല. വേനലവധിക്ക് നിരക്ക് കുത്തനേ കൂട്ടുന്നതും ഏപ്രിൽ അവസാനം സീസൺ അവസാനിക്കുമ്പോൾ നിരക്ക് കുറയ്ക്കുന്നതും കഴിഞ്ഞ ഏതാനും വർഷങ്ങളായി വിമാനക്കമ്പനികളുടെ സ്ഥിരം ഏർപ്പാടാണ്. പരാതി ഉയരും, പക്ഷേ നടപടിയൊന്നും ഉണ്ടാകില്ലെന്നു മാത്രം.
എയർ ഇന്ത്യയെക്കാൾ പതിനായിരം രൂപയിലധികമാണ് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളിലെ നഷ്ടം നികത്താനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് കമ്പനികളുടെ വാദം.
വിമാന സർവീസിന്റെ സമയക്രമമനുസരിച്ചും നിരക്കിൽ മാറ്റമുണ്ട്. ജിദ്ദ, കുവൈറ്റ്, ബഹറൈൻ, മസ്‌കറ്റ്, ഷാർജ, അൽഐൻ, റാസൽഖൈമ, സലാല, ദമാം റൂട്ടുകളിലെല്ലാം നിരക്ക് വർദ്ധിച്ചിട്ടുണ്ട്. യാത്രക്കാർ ഏറെയുള്ള കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള നിരക്ക് താരതമ്യേന കൂടുതലാണ്.
എയർഇന്ത്യ എക്‌സ്‌പ്രസിലെ നിരക്കുകൾ
കോഴിക്കോട് - റിയാദ് എക്കണോമി ക്ലാസ് - നാളെത്തെ (ശനി) നിരക്ക് - 38,490 രൂപ
റിയാദിൽ നിന്ന് തിരിച്ച് - 13,000 രൂപ
കണ്ണൂർ - അബുദാബി റൂട്ടിൽ ഇന്ന് - 20,655 രൂപ, തിരിച്ച് - 8,600 രൂപ
ഈ ആഴ്‌ചയിലെ കുറഞ്ഞ നിരക്ക് - 15,900 രൂപ
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് - 27,000 രൂപ, തിരിച്ച് - 12,000 രൂപ
ദോഹയിലേക്ക് - 21,600 രൂപ, തിരിച്ച് - 10,700 രൂപ