hhh
അമൽകോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ നിർമ്മിച്ച വീട്

നിലമ്പൂർ: നിർധനകുടുംബത്തിന് വീടും വരുമാനവും ഒരുക്കി അമൽകോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർത്ഥികൾ. മൂന്നു വർഷം മുമ്പ് കാൻസർ ബാധിച്ചു മരിച്ച നിലമ്പൂർ രാമൻകുത്ത് വീട്ടിച്ചാൽ ചിറയ്ക്കൽ ഹനീഫയുടെ വൃദ്ധയായ ഉമ്മയും വിധവയായ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീട് അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും ചെയ്ത് കെട്ടിലും മട്ടിലും പുതിയ വീടാക്കി. വീടിനോട് ചേർന്ന് നിത്യോപയോഗ സാധനങ്ങൾ വിൽക്കാൻ ഒരു കടയും ഒരുക്കി. വിദ്യാർത്ഥികൾ സ്വരൂപിച്ച ഭവന ഫണ്ടിന് പുറമെ നിലമ്പൂർ നഗരസഭയുടെ പുനർനിർമ്മാണ വിഹിതവും, നാട്ടുകാരുടെ സഹായവും ലഭിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ കെ.പി ജനീഷ് ബാബു, കെ.സിനി, നാട്ടുകാരായ അൻവർ ഷാഫി ഹുദവി, പി പി അസൈനാർ, സി. മൊയ്തീൻ കോയ, എൻ.എസ്.എസ് സെക്രട്ടറിമാരായ ഫർഷിദ് ഇല്ലിക്കൽ, കെ.വി അർഷ, പി. ഗോപിക, ഇ.പി. സാലിഹ്, ഫുആദ് സനിൻ എന്നിവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകി. അമൽ കോളേജ് രക്ഷാധികാരി പി.വി.അബ്ദുൽ വഹാബ് എം.പി വീടിന്റെ താക്കോൽദാനവും കടയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ.പി.എം. അബ്ദുൾ സാക്കിർ, സ്റ്റാഫ് സെക്രട്ടറി സി.എച്ച്. അലി ജാഫർ, മുംതാസ് ബാബു, സുരേഷ് നിലമ്പൂർ എന്നിവർ പങ്കെടുത്തു.