മലപ്പുറം: സംഘപരിവാറിനെ പുറത്താക്കാൻ സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പാർട്ടി തീരുമാനപ്രകാരം മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ വൈകിട്ട് അഞ്ചിന് മലപ്പുറത്ത് പാർലമെന്റ് സമ്മേളനം നടത്തുമെന്ന് വെൽഫെയർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ സഖ്യത്തെ അധികാരത്തിൽ നിന്ന് മാറ്റേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാദ്ധ്യതയാണ്. അതിനാലാണ് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം വൈസ് ചെയർമാൻ എ.ഫാറൂഖ്, കൺവീനർ മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, സലീം വാഴക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.