bjp
ഷാനവാസ് ഹുസൈൻ

മലപ്പുറത്തെയും പൊന്നാനിയിലെയും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ജില്ലയിലെത്തിയ ബി.ജെ.പിയുടെ താരപ്രചാരകനും മുൻ കേന്ദ്രമന്ത്രിയും ദേശീയ വക്താവുമായ ഷാനവാസ് ഹുസൈൻ പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്നു.

 വയനാട് പാക്കിസ്ഥാനാണെന്ന ബി.ജെ.പി ദേശീയ പ്രസി‌ഡൻറ് അമിത്ഷായുടെ പ്രസ്താവ വലിയ വിവാദമായിട്ടുണ്ടല്ലോ?

വയനാട് രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. ഞങ്ങൾ വയനാടിനെ സ്നേഹിക്കുന്നു. രാഹുൽഗാന്ധിക്ക് മറ്റൊരു സ്ഥലവും മത്സരിക്കാനായി കിട്ടിയിട്ടില്ല. ന്യൂനപക്ഷങ്ങൾ ധാരാളമുള്ള സ്ഥലമായതിനാൽ എളുപ്പത്തിൽ ജയിക്കാമെന്ന തെറ്റായ ധാരണയോടെയാണ് രാഹുൽഗാന്ധി എത്തിയതെന്നാണ് അമിത്ഷാ പറഞ്ഞതിന്റെ അടിസ്ഥാനം.

 രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിലെ മുസ്‌ലിം ലീഗ് പതാകയെ പാക്കിസ്ഥാന്റെ പതാകയെന്ന തരത്തിൽ ബി.ജെ.പി നടത്തിയ തെറ്റായ പ്രചാരണം തിരുത്തേണ്ടതല്ലേ?

മുസ്‌ലിം ലീഗെന്നത് രാജ്യം മുഴുവനുള്ള പാർട്ടിയല്ല. കേരളത്തിലെ ഒരുപ്രത്യേക പ്രദേശത്ത് മാത്രമുള്ള പാർട്ടിയാണ്. ലീഗിന്റെ കൊടിക്ക് പാക്കിസ്ഥാന്റെ കൊടിയുമായി ചില സാമ്യതകളുണ്ടെന്നത് നമ്മുക്കെല്ലാം അറിയാം. ഇത് പാക്കിസ്ഥാന്റെ കൊടിയാണെന്ന് ഞങ്ങൾ പറയില്ല. എന്നാൽ ജനങ്ങൾക്ക് കൺഫ്യൂഷനുണ്ടാവും. ഇതാണ് അമിത്‌ഷാ ചൂണ്ടിക്കാട്ടിയത്. വയനാട്ടിലെ പ്രചാരണത്തിന് ലീഗിന്റെ കൊടി വേണ്ടെന്ന് കോൺഗ്രസ് തന്നെ ആവശ്യപ്പെടുന്ന നിലയിലാണ്.

 വിവിധ സംസ്ഥാനങ്ങളിൽ പ്രവ‌ർത്തിക്കുന്ന,​ കേന്ദ്രമന്ത്രി പദവിയടക്കം വഹിച്ച പാർട്ടിയെ കുറിച്ചാണ് തെറ്റിദ്ധാരണ പടർത്തുന്നത്?

മുസ്‌ലിം ലീഗ് രാജ്യത്ത് വർഗ്ഗീയത വളർ‌ത്തുന്ന പാർട്ടിയാണ്. രാജ്യത്തിന്റെ വിഭജനത്തെയാണ് ലീഗെന്ന പേര് ഓർമ്മിപ്പിക്കുന്നത്. ബി.ജെ.പിയും ലീഗും തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഭരണഘടനയെ അംഗീകരിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് ലീഗിനെ ദേശദ്രോഹി എന്ന് വിളിക്കാൻ ഞങ്ങളില്ല. പക്ഷെ, ഈ രാജ്യത്തിന്റെ വിഭജനത്തിന് മുസ്‌ലിം ലീഗ് ഉത്തരവാദിയായിരുന്നെന്നത് മറക്കാനാവില്ല. ലീഗിന്റെ ആദർശത്തെയോ കൊടിയെയോ​ വിചാരങ്ങളേയോ ബി.ജെ.പി അംഗീകരിക്കുന്നില്ല.

 മുസ്‌ലിം ലീഗ് പാക്കിസ്ഥാൻ അനുകൂല പാർട്ടിയാണെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ടോ

അത്തരമൊരു വിലയിരുത്തൽ ബി.ജെ.പിക്കില്ല. വർ‌ഗീയ പാർട്ടിയാണ് ലീഗ്. ഇവരുമായാണ് കോൺഗ്രസ് സഖ്യം ചേരുന്നത്. ബി.ജെ.പി ഈ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒന്നായി കാണുന്ന പാർട്ടിയാണ്. ഈ രാജ്യത്തെ ആര് സ്നേഹിക്കുന്നുവോ അവരെ ഞങ്ങളും സ്നേഹിക്കുന്നു. എന്നാൽ ലീഗിന്റെ ആശയം രാജ്യത്ത് വ‌ർഗ്ഗീയത പടർത്താനേ സഹായിക്കൂ.

 ലീഗ് വൈറസ് പാർട്ടിയാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയത്?

ലീഗിന്റെ പ്രത്യയ ശാസ്ത്രം വർഗീയത വള‌ർത്തുന്നതാണ്. ഇതിനെയാണ് യോഗി ആദിത്യനാഥ് വിമ‌ർശിച്ചത്. മറ്റേതെങ്കിലും രീതിയിലല്ല.

മോദി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രതികരണം?

 നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാക്കിസ്ഥാൻ സഹായിക്കണമെന്നാണ് മണിശങ്കർ അയ്യർ പാക്കിസ്ഥാനിലെ ടി.വി. ചാനലിലെ ഇന്റർവ്യൂവിൽ പറഞ്ഞ‍ത്. ഇമ്രാൻഖാന്റെ സഹായം ബി.ജെ.പിക്കല്ല കോൺഗ്രസിനാണ് ആവശ്യമുള്ളത്. മോദി അധികാരത്തിലെത്തിയത് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ്,​ ഇമ്രാൻഖാന്റെ സൗജന്യം കൊണ്ടല്ല. മസ്ഹുദ് അസ്ഹർ അടക്കമുള്ള ഭീകരവാദികൾ മോദിയുടെ പേര് കേട്ടാൽതന്നെ ഞെട്ടിവിറക്കുകയാണ്. മോദിയോടുള്ള സ്നേഹം കൊണ്ട് ഇമ്രാൻഖാൻ നടത്തിയ പ്രസ്താവനയല്ലയിത്. വാസ്തവത്തിൽ ഇത് മോദിക്ക് അനുകൂലമായ പ്രസ്താവനയല്ല. ഇതിന് പിന്നിലാരെന്ന് മാദ്ധ്യമപ്രവർ‌ത്തകർ ഗവേഷണം ചെയ്തു കണ്ടെത്തുകയാണ് വേണ്ടത്. മോദിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ തന്നെയാവും ഇതിന് പിന്നിൽ.

 റാഫേലിൽ സുപ്രീംകോടതി ഏറ്റവുമൊടുവിൽ നടത്തിയ നിരീക്ഷണവും ഇടപെടലും ബി.ജെ.പി എങ്ങനെയാണ് വിലയിരുത്തുന്നത്?

മോഷ്ടിച്ചു കൊണ്ടുപോയി സുപ്രീംകോടതിയിൽ ഹാജരാക്കിയ പേപ്പർ ഭാഗികമായിരുന്നു. ഇതു പരിഗണിക്കരുതെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടത്. ഈ പേപ്പർ പരിഗണിക്കണോ,​ വേണ്ടയോ എന്നത് മാത്രമാണ് സൂപ്രീകോടതിയിലുണ്ടായത്. എന്നാൽ റാഫേലിൽ വിധി വന്നെന്ന തരത്തിലാണ് രാഹുൽഗാന്ധി പറയുന്നത്. ഇതിലൂടെ സുപ്രീംകോടതിയെ അപമാനിച്ച രാഹുൽഗാന്ധി രാജ്യത്തോട് മാപ്പുപറയുകയാണ് വേണ്ടത്.

 മോദിയുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞല്ലോ?

ഒരു സംവിധായകൻ മോദിയെ കുറിച്ച് സിനിമ ചെയ്തപ്പോൾ പല‌ർക്കുമത് പ്രശ്നമായി. നേരത്തെ മൻമോഹനെ കുറിച്ച് സിനിമയുണ്ടാക്കിയപ്പോൾ ആർക്കും പ്രശ്നമില്ലായിരുന്നു. മോദിയെ കുറിച്ച് സിനിമ വരുന്നതിൽ കോൺഗ്രസും എ.എ.പിയും എന്തിനാണ് ഭയക്കുന്നത്. സിനിമയുടെ തിരശ്ശീലയിലല്ല,​ ജനങ്ങൾക്കിടയിലെ യഥാർത്ഥ സൂപ്പർ സ്റ്റാറാണ് മോദി. സോഷ്യൽമീഡിയയിൽ രാജ്യത്തെ പ്രമുഖരായ എല്ലാവരും മോദിയെ ഫോളോ ചെയ്യുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് മോദി വസിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏതു തീരുമാനത്തെയും ബി.ജെ.പി അംഗീകരിക്കും. കോൺഗ്രസിനെ പോലെ ജയിച്ചാൽ കമ്മിഷനെ അംഗീകരിക്കുകയും തോറ്റാൽ ഇ.വി.എമ്മിനെ കുറ്റം പറയുകയും ചെയ്യുന്നവരല്ല.

 വികസന വിഷയങ്ങളെല്ലാം ഒഴിവാക്കി ബലാക്കോട്ട് അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് എന്തുകൊണ്ടാണ്.

എല്ലാ വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നുണ്ട്. ബലാക്കോട്ടോ,​ സൈന്യത്തെയോ വച്ച് ബി.ജെ.പി വോട്ട് ചോദിക്കില്ല. സൈന്യത്തെയും രാജ്യത്തെയും കുറിച്ച് അഭിമാനം തോന്നുമ്പോൾ സ്വാഭാവികമായി റഫറൻസായി കടന്നുവരിക തന്നെ ചെയ്യും.