എടക്കര: മദ്ധ്യവയസ്‌കനെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പട ചെമ്പൻകൊല്ലി റോഡിലെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ആലപ്പാട്ട് മുഹമ്മദ് ഷെരീഫിനെ (51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിനോട് ചേർന്നുള്ള ക്വാർട്ടേഴ്‌സിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കോണിക്കൂടിനോട് ചേർന്ന ഭാഗത്താണ് ഇയാൾ താമസിച്ചിരുന്നത്. രാത്രി പുറത്തിറങ്ങാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് വീണതാകാമെന്ന് കരുതുന്നു. റോഡിലാണ് മൃതദേഹം കിടന്നിരുന്നത്. വീഴ്ചയിൽ തലക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മൃതദേഹം കിടന്നിരുന്നിടത്ത് രക്തം വാർന്നിട്ടുമുണ്ട്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉപ്പട സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ഇയാൾ ആറ് വർഷം മുമ്പ് ബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. ചാത്തംമുണ്ടയിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിലെ തൊഴിലാളിയായിരുന്നു ഇയാൾ. തനിച്ചായിരുന്നു വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നത്. പോത്തുകൽ എസ്.ഐ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.