മലപ്പുറം: സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കുമായി നിയമപരമായി അവരുടെ പണം എങ്ങനെ ചെലവഴിക്കാം എന്നതു സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. മലപ്പുറം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ധ്രുവകുമാർ സിംഗ് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും ക്ലാസെടുത്തു. ജില്ലാകളക്ടർ അമിത് മീണ, ഫിനാൻസ് ഓഫീസർ എൻ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാർത്ഥികളുടെ ചെലവ് കണക്കുകളുടെ പരിശോധന മൂന്ന് ഘട്ടങ്ങളിലായി നടത്തും. മലപ്പുറം ലോക്‌സഭ മണ്ഡലത്തിന്റേത് ഏപ്രിൽ 12, 16, 20 തീയതികളിൽ എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറുടെ കാര്യാലയമായ മലപ്പുറം ഗസ്റ്റ് ഹൗസിൽ നടത്തും.
പൊന്നാനി ലോക്‌സഭ മണ്ഡലത്തിലേത് ഏപ്രിൽ 13, 17, 22 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാർ ഹാളിൽ നടത്തും. പരിശോധനാ ദിവസം രാവിലെ 10 ന് സ്ഥാനാർത്ഥിയോ ഏജന്റോ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ ചെലവ് രജിസ്റ്റർ, ബാങ്ക് പാസ് ബുക്ക്, ബില്ല് / വൗച്ചർ എന്നിവ സഹിതം ഹാജരാകണം.