bbb
.

മലപ്പുറം: ജില്ലയിൽ ഓൺലൈൻ സംവിധാനം വഴി ബാലറ്റ് നൽകിയത് ജില്ലയിലെ 1579 സർവീസ് വോട്ടർമാർക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർക്ക് വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം സജ്ജമാക്കിയ പോർട്ടൽ വഴിയാണ് റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാകലക്ടർ ഇബാലറ്റുകൾ അയച്ചത്. ഇതുവരെ സർവീസ് ബാലറ്റ് പേപ്പർ അടക്കം ചെയ്ത കവർ ഉൾപ്പടെ വലിയ കവറിലാക്കി അയക്കുകയായിരുന്നു പതിവ് രീതി. എന്നാൽ ഇത്തവണ ഓൺലൈനിലൂടെയാണ് ഇബാലറ്റുകൾ നൽകിയത്.

1528 പുരുഷ വോട്ടർമാരും 51 സ്ത്രീ സർവീസ് വോട്ടർമാരാണ് ജില്ലയിലുള്ളത് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വയനാട് പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന നിലമ്പൂരിലും, വണ്ടൂരിലുമാണ്. നിലമ്പൂരിൽ 281 ഉം വണ്ടൂരിൽ 215 സർവീസ് വോട്ടർമാരുമാണുള്ളത്. സ്ത്രീ സർവീസ് വോട്ടർമാർ കൂടുതലുള്ളതും നിലമ്പൂർ മണ്ഡലത്തിലാണ്. വേങ്ങര മണ്ഡലത്തിലാണ് ഏറ്റവും കുറവ് സർവീസ് വോട്ടർമാരുള്ളത്.

സൈനികഅർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ട് ചെയ്യാൻ അവസരം. സർവീസ് വോട്ടർമാർ ജോലി ചെയ്യുന്ന വകുപ്പ് തല മേധാവിക്കാണ് ഇബാലറ്റുകൾ ലഭിക്കുക. അവ പ്രത്യേക യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ വകുപ്പ് തല മേധാവിക്ക് ഓഫീസിന് കീഴിലുള്ള വോട്ടർമാരുടെ വിവരങ്ങൾ ലഭിക്കും. ബാലറ്റ് പേപ്പർ, വോട്ടുചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവർ എന്നിവ ഡൗൺലോഡ് ചെയ്‌തെടുത്ത് വകുപ്പ് മേധാവി വോട്ടർമാർ്ക്ക് വിതരണം ചെയ്യും. വോട്ടർമാർ അവ വകുപ്പ് തല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർക്ക് വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിക്ക് മുമ്പായി നൽകണം. തപാൽ മാർഗ്ഗമാണ് അയച്ചു നൽകേണ്ടത്.