മലപ്പുറം: മലപ്പുറം കോഓപ്പറേറ്റീവ് സൊസൈറ്റി സ്പിന്നിംഗ്‌മിൽ കോമ്പൗണ്ടിലെ രണ്ട് ചന്ദനമരം മുറിച്ചു കടത്തിയ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്, സ്പിന്നിംഗ്‌മിൽ അധികൃതരുടെ പരാതിയെ തുടർന്ന് മലപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രൊഫഷണൽ രീതിയിലാണ് മോഷണം നടത്തിയിട്ടുള്ളതെന്നും മരംമുറിച്ചു വീഴ്ത്തുമ്പോഴുള്ള ശബ്ദം കേൾക്കാതിരിക്കാൻ മറ്റൊരു തടിക്കഷ്ണം കയറിൽക്കെട്ടി തൂക്കിയിട്ടിരുന്നതായും മലപ്പുറം സി.ഐ സുനിൽരാജ് പറഞ്ഞു. മോഷ്ടാക്കൾ കെട്ടിത്തൂക്കിയ ചന്ദനത്തടി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊടുമ്പുഴ ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. പത്തുവർഷം മുമ്പ് സമാനമായ രീതിയിൽ സ്പിന്നിംഗ്‌മിൽ കോമ്പൗണ്ടിൽനിന്നും ചന്ദനമരം മുറിച്ചു കടത്തിയതായി അധികൃതർ പറയുന്നു, പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് സ്പിന്നിംഗ്‌മിൽ ചെയർമാൻ പാലോളി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.