പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് ഭക്തജന സഞ്ചയം ഒഴുകിയെത്തിയപ്പോൾ അവർക്ക് സുരക്ഷാ കവചമൊരുക്കി പൊലീസ്. പൂരപ്പറമ്പിലും ക്ഷേത്രത്തിന്റെ മിക്ക കോണുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് 24 മണിക്കൂറും ജാഗ്രത പുലർത്തുകയാണ് പൊലീസ് സേന. ഇതിനായി നൂറുകണക്കിന് കാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ മഫ്തിയിൽ വനിതാ പൊലീസടക്കം അങ്ങാടിപ്പുറത്ത് ഉടനീളം നിരീക്ഷണം നടത്തുന്നുണ്ട്. കൊടും ചൂടിലും പൂരത്തിനായി ഒഴുകിയെത്തുന്ന ആയിരങ്ങൾക്ക് പ്രദേശത്തെ വിവിധ റസിഡൻഷ്യൽ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ചുക്കുവെള്ളവും, സംഭാരവും നൽകി ആശ്വാസമേകുന്നു.