നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസികൾക്ക് വനംവകുപ്പ് അടിയന്തര സഹായം നൽകി. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ വീരൻ (64), പേരമകൻ രഞ്ജുമോൻ (18) എന്നിവർക്കാണ് വനം വകുപ്പ് ചികിത്സയ്ക്കായി അടിയന്തര സാമ്പത്തിക സഹായം നൽകിയത്.
സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വീരന് 10,000 രൂപയും നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കോളനിയിലെത്തിയ സഞ്ജുമോന് 5,000 രൂപയുമാണ് അടിയന്തരമായി നൽകിയത്. ഇവർക്കുള്ള കൂടുതൽ ചികിത്സാസഹായം എത്രയും പെട്ടെന്ന് അനുവദിക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. തേൻശേഖരിക്കാൻ ഉൾക്കാട് കയറി രാത്രി വിശ്രമിക്കുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. വഴിക്കടവ് ആനമറി വനം ഔട്ട് പോസ്റ്റിന് സമീപം നടന്ന ചടങ്ങിൽ ധനസഹായം നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ വർക്കഡ് യോഗേഷ് നിൽകാന്ത് കുടുംബങ്ങൾക്ക് കൈമാറി.