eee
.

നിലമ്പൂർ: കാട്ടാനശല്യം രൂക്ഷമായ പുഞ്ചക്കൊല്ലി കോളനിക്ക് ചുറ്റും സോളാർ വേലിയോ കിടങ്ങോ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങൾ ഡി.എഫ്.ഒയുടെ മുന്നിലെത്തി. പ്രമോട്ടർ ചിത്രയുടെ നേതൃത്വത്തിലാണ് ആവശ്യവുമായി കോളനിക്കാരെത്തിയത്. വനത്തിനുള്ളിലെ ഈ കോളനിയിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 63 കുടുംബങ്ങളാണ് വസിക്കുന്നത്. കോളനിയിൽ നിരന്തരം കാട്ടാനയുടെ ആക്രമണമുണ്ട്. കോളനിയിൽ ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കോളനിയിലിറങ്ങിയ ഒറ്റയാൻ പത്ത് മണിക്കൂറിലധികം ഭീതിപരത്തി. കോളനിക്കാരുടെ വാഴക്കൃഷി അപ്പാടെ നശിപ്പിച്ച് നേരം വെളുത്തിട്ടാണ് ഒറ്റയാൻ കാട് കയറിയത്. ആനകളെ പേടിച്ച് കോളനിക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വനവിഭവങ്ങൾ ശേഖരിക്കാനും കഴിയുന്നില്ല.
കോളനി വനത്താൽ ചുറ്റപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളിൽ നിന്നും ആനകൾ കോളനിയിലേക്കിറങ്ങുന്നുണ്ട്. രാത്രി പേടികൂടാതെ വീടുകളിൽ അന്തിയുറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിത്തരണമെന്നാണ് വനം വകുപ്പിനോട് കോളനി കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.