പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റം ഇന്ന് വൈകിട്ട് ഏഴിന് നടക്കും. രണ്ടാം പൂര ദിവസമായ ഇന്നലെ രാവിലെ 9.30ന് മൂന്നാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങി. പതിവ് ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 5.30 ന് പിന്നണി ഗായിക ബി. അരുന്ധതിയും സംഘവും അവതരിപ്പിച്ച സംഗീതക്കച്ചേരിയും നാലാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങിയ ശേഷം പൂരപ്പറമ്പ് സോപാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ 10ന് താവം ഗ്രാമവേദി കണ്ണൂർ അവതരിപ്പിച്ച നാട്ടറിവ് പാട്ടുകളും അരങ്ങേറി. ഇന്ന് രാവിലെ എട്ടിന് നങ്ങ്യാർ കൂത്തും 9.30 ന് അഞ്ചാമത്തെ ആറാട്ടിനായി കൊട്ടിയിറക്കവും നടക്കും. പതിവ് ചടങ്ങുകൾക്ക് ശേഷം വൈകിട്ട് മൂന്ന് മുതൽ ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം എന്നിവയ്ക്ക് ശേഷം 5.30ന് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന അഷ്ടപദി അരങ്ങേറും. ഏഴിന് ഭഗവതിക്ക് വടക്കേ നടയിലും ശിവന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരങ്ങളിലും കൊടിയേറ്റം നടക്കും. എട്ടുമണിക്ക് ശിവന്റെ ശ്രീഭൂതബലി, തായമ്പക, കേളി, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം 9.30ന് ആറാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങും. പതിവ് ചടങ്ങുകൾക്ക് ശേഷം പത്തിന് പൂരപ്പറമ്പ് സോപാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ സാജൻ പള്ളുരുത്തിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഉത്സവം അരങ്ങേറും.