മലപ്പുറം: ബി.ജെ.പി സർക്കാർ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകർത്തും മതനിരപേക്ഷത തകർത്ത് വർഗ്ഗീയ കലാപങ്ങൾക്ക് കോപ്പുകൂട്ടിയും ഇന്ത്യയെ ശിഥിലമാക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു.മലപ്പുറം കിഴക്കേത്തലയിൽ എൽ.ഡി.എഫ് മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
നമ്മുടെ നാടിനെ ഗ്രസിച്ച ബി.ജെ.പി എന്ന മഹാദുരന്തത്തെ അധികാരത്തിൽനിന്നും അകറ്റാൻ നമുക്കുള്ള ഏക മാർഗ്ഗമാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഇതിന് സാനുവിനെ വിജയിപ്പിക്കണം. എതിർ സ്ഥാനാർത്ഥിയെ കുറിച്ച് ഞാനൊന്നും പറയുന്നില്ല. സ്ത്രീകളുടെ സുരക്ഷയും തുല്യതയും ആരുടെ കൈകളിലാണ് ഭദ്രമാവുക എന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി.
നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്റെയും സ്വന്തക്കാർക്ക് വേണ്ടി ഖജനാവ് മലർക്കെ തുറന്നിട്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് കോടി രൂപ ചാക്കിൽ കെട്ടി, വിജയ് മല്യയെ പോലെ, നീരവ് മോദിയെ പോലെ, ഓരോരുത്തരായി രാജ്യം വിടുന്നു. അതിന് കാവൽ നിൽക്കുകയാണ് ഭരണ കർത്താക്കൾ. നമ്മുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതി കൊടുക്കുകയാണിവർ. ആലിബാവയും 74 കള്ളന്മാരും എന്ന മട്ടിൽ ഒരു കൊള്ളസംഘമാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഞാൻ കള്ളനാണ് എന്ന് അഭിമാന ബോധത്തോടെ പറയുന്ന നേതാവും ഞങ്ങളും കള്ളന്മാരാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിങ്കിടികളും കൂടി ഇന്ത്യയെ കുട്ടിച്ചോറാക്കുകയാണ്.
വാഗ്ദാനങ്ങളുടെ പെരുമഴയാണിപ്പോൾ. രാജ്യ സുരക്ഷയിൽ വലിയ താൽപര്യവും പട്ടാളക്കാരോട് വലിയ സ്‌നേഹവുമാണ് മോദിക്ക് തിരഞ്ഞെടുപ്പ് കാലത്ത്.. കടക്കെണിയിൽപ്പെട്ട് ജീവനെടുക്കുന്ന ഇന്ത്യൻ കർഷകരെ പ്രധാനമന്ത്രി കാണുന്നില്ല. ബി.ജെ.പി എന്ന മഹാ ദുരന്തത്തെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തലയൂരാൻ കോൺഗ്രസിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.