മലപ്പുറം: വേനലിന്റെ രൂക്ഷതയ്ക്കൊപ്പം ജലസ്രോതസുകൾ വറ്റിവരളുന്നത് ജില്ലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാക്കും. പ്രധാന ജലസ്രോതസുകളായ ഭാരതപ്പുഴയും കടലുണ്ടിയും ചാലിയാറും മിക്കയിടങ്ങളിലും വറ്റിവരണ്ട അവസ്ഥയിലാണ്. പരമാവധി മേയ് തുടക്കം വരെ വിതരണം ചെയ്യാനുള്ള വെള്ളമാണ് മിക്കയിടങ്ങളിലുമുള്ളത്. പുഴകൾ വറ്റിവരണ്ടതോടെ കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനത്തോതും ആശങ്കയുയർത്തും വിധം താഴുന്നുണ്ട്. കുടിവെള്ള ടാങ്കറുകളിലെ വിതരണത്തിന് പോലും വെള്ളം കിട്ടാത്ത അവസ്ഥ പലയിടങ്ങളിലുമുണ്ട്. തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള അധികൃതരുടെ നടപടികൾക്ക് വേഗംപോരെന്ന പരാതിയും വ്യാപകമാണ്.
കടലുണ്ടിപ്പുഴ
കടലുണ്ടിപ്പുഴയിൽ കഷ്ടിച്ച് ഈമാസം വരെ വിതരണം ചെയ്യാനുള്ള വെള്ളമേയുള്ളൂ എന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. ചാമക്കയം, ഹാജിയാർ പള്ളി പമ്പ് ഹൗസുകളിൽ മാത്രമാണ് വെള്ളമുള്ളത്. മറ്റിടങ്ങളിലെ പമ്പ് ഹൗസുകൾ പ്രവർത്തിക്കാതായിട്ട് ദിവസങ്ങളായി. മലപ്പുറം നഗരമടക്കം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. പമ്പ് ഹൗസുകളിൽ നിന്നുള്ള ജലവിതരണത്തിന് ഏറെ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. മിക്ക പമ്പ് ഹൗസുകൾക്ക് സമീപവും വെള്ളം താഴ്ന്നതോടെ ഇവയെല്ലാം നോക്കുകുത്തിയായി. കടലുണ്ടിപ്പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾ മിക്കതും മുടങ്ങിയ അവസ്ഥയിലാണ്.
ചാലിയാർ
ചാലിയാറിലാണ് ഇരുപുഴകളെയും അപേക്ഷിച്ച് അത്യാവശ്യം വെള്ളമുള്ളത്.
മഞ്ചേരി മുനിസിപ്പാലിറ്റിക്ക് പുറമെ ഒമ്പത് പഞ്ചായത്തുകളിലേക്കായി 30ലധികം കുടിവെള്ള പദ്ധതികളാണ് ചാലിയാറിലുള്ളത്. എടവണ്ണപ്പാറയിലെ കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജാണ് ചാലിയാറിലെ ജലലഭ്യതയെ പ്രധാനമായും തുണയ്ക്കുന്നത്. അതേസമയം മലിനീകരണവും കോളിഫോം ബാക്ടീരിയയുടെ വലിയതോതിലെ സാന്നിദ്ധ്യവുമാണ് തിരിച്ചടി.
ഭാരതപ്പുഴ
ഭാരതപ്പുഴയിലെ മിക്കയിടങ്ങളും വറ്റിവരണ്ട് മണൽപരപ്പായിട്ടുണ്ട്. ജില്ലയിലെ പ്രധാനകുടിവെള്ള പദ്ധതികളിൽ പലതും ഭാരതപ്പുഴയെ ആശ്രയിച്ചാണ്. തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾക്കായി നടപ്പാക്കുന്ന ഡാനിഡ ശുദ്ധജല പദ്ധതിയിലെ പമ്പ് ഹൗസുകൾ മിക്കതും വെള്ളമില്ലാതായതോടെ പ്രവർത്തന രഹിതമാണ്. പമ്പ് ഹൗസുകൾക്ക് സമീപം വെള്ളം തീരെ കുറഞ്ഞതോടെ ഇടവിട്ടുള്ള ദിവസങ്ങളിലാണ് ജലവിതരണം നടത്തുന്നത്. കുടിവെള്ളവും ജലസേചനവും ലക്ഷ്യമിട്ട് കോടികൾ ചെലവഴിച്ച് നിർമ്മിച്ച ചമ്രവട്ടം പദ്ധതിയിലെ ചോർച്ച ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നതാണ് മേഖലയിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നത്. കുറ്റിപ്പുറത്ത് സ്ഥിരം തടയണ കെട്ടി വെള്ളം ശേഖരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തൃത്താല വെള്ളിയാംകല്ല് പാലത്തിലെ ഷട്ടറുകൾ തുറന്നാൽ മേഖലയിലെ കുടിവെള്ള വിതരണത്തിന് സഹായകമാവുമെങ്കിലും വെള്ളം സംഭരിക്കാൻ തടയണയില്ലാത്തതാണ് പ്രശ്‌നം. താനൂരിലെ തീരമേഖലകളിൽ കിണറുകളിൽ ഉപ്പ് വെള്ളം കയറിയതോടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ജലനിധി പദ്ധതികളിലെ പൈപ്പുകളിലൂടെ നിലവിൽ ആഴ്ച്ചയിൽ രണ്ടുദിവസം മാത്രമാണ് വെള്ളം . ഇതുതന്നെ അരമണിക്കൂറിൽ താഴെമാത്രവും.