മലപ്പുറം: അമേഠിയിൽ നിന്ന് വയനാട്ടിലെത്തിയ രാഹുൽഗാന്ധി മുസ്‌ലിം ലീഗിന്റെ ഉപകരണം മാത്രമായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവും എം.പിയുമായ വി.മുരളീധരൻ പറഞ്ഞു. മലപ്പുറത്ത് എ.ബി.വി.പി സംഘടിപ്പിച്ച കർമ്മസത്രം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെടുകയും വയനാട്ടിൽ വിജയിക്കുകയും ചെയ്താൽ മണ്ഡലം ഭരിക്കുന്നത് ലീഗായിരിക്കും. ഭരണകാര്യങ്ങൾ തീരുമാനിക്കുക പാണക്കാട്ട് നിന്നും. എന്നാൽ രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ വയനാട്ടിൽ നിന്ന് രാജിവച്ച് അമേഠി നിലനിറുത്താനാണ് രാഹുൽ ശ്രമിക്കുക. ഉപതിരഞ്ഞെടുപ്പിൽ വയനാട് സ്വന്തമാക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ലീഗിനെതിരെ ശബ്ദിക്കാൻ കഴിയാത്ത ജനസമൂഹമാണ് മലപ്പുറത്തുള്ളത്. അതിന്റെ കാരണം സാമുദായികമോ മതപരമോ അല്ലെന്നുള്ളതാണ് സത്യം. ലീഗ് വളരുന്നതിനൊപ്പം തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ശക്തിയാർജ്ജിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. അധികാരം നിലനിറുത്താൻ കോൺഗ്രസ് പലപ്പോഴും ലീഗിന് വഴങ്ങുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സി.പി.എമ്മും ലീഗിന് മുന്നിൽ നിശബ്ദരാകുന്നു. ശബരിമലയിൽ സംസ്ഥാന സർക്കാർ കാണിച്ച അതിക്രമങ്ങൾ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിൽ ഇ.എം.എസ് സ്വീകരിച്ച നിലപാടിന്റെ പിന്തുടർച്ചയാണെന്നും മുരളീധരൻ പറഞ്ഞു. യോഗത്തിൽ മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ, എ.ബി.വി.പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, എ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.