തേഞ്ഞിപ്പലം: ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തി ജീവനു വേണ്ടി പോരാടുന്ന തേഞ്ഞിപ്പലം പാണമ്പ്ര നമ്പിടിവീട്ടിൽ സതീഷ് കുമാറിനെ സഹായിക്കാൻ നാട് കൈകോർക്കുന്നു. പത്തു വർഷം മുമ്പ് മാറ്റിവച്ച വൃക്ക വീണ്ടും തകരാറിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് 40കാരനായ യുവാവും കുടുംബവും. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കുകയാണ് ഏക പോംവഴി. പത്തുവർഷം മുമ്പ് ഗൾഫിൽ ജോലി നോക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലാണെന്ന് സതീഷ് ആദ്യം തിരിച്ചറിഞ്ഞത്. അന്ന് വൃക്ക മാറ്റിവയ്ക്കാൻ വലിയൊരു തുക വേണ്ടിവന്നു. അതുവരെ സമ്പാദിച്ചതും വീടും വിൽക്കേണ്ടിവന്നു.
പെയിന്റിംഗ് ജോലിയുമായി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സതീഷിന് രോഗം വീണ്ടും വില്ലനായി മാറി. കോയമ്പത്തൂരിലെ ആശുപത്രിയിൽ സ്ഥിരം പരിശോധനയ്ക്കിടെ വൃക്കയിൽ ക്രിയാറ്റിൻ അളവ് കൂടുതലാണെന്ന് കണ്ടെത്തി.വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴി. വൃക്ക നൽകാൻ സതീഷിന്റെ സഹോദരന്മാർ തയാറാണ്. നാട്ടിലെ സാധാരണ ജോലിയെടുത്തു ജീവിക്കുന്ന കുടുംബത്തിനു ഭീമമായ തുക കണ്ടെത്താൻ കഴിയില്ല. പി. അബ്ദുൾ ഹമീദ് എം.എൽ.എ, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് എന്നിവരുടെ നേതൃത്വത്തിൽ യുവാവിനെ സഹായിക്കാൻ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചേളാരി ശാഖയിൽ സതീഷ് കുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 0478053000011720. ഐ.എഫ്.എസ്.സി കോഡ് എസ്.ഐ.ബി.എൽ 0000478