jjj
.

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്യുന്ന പ്രക്രിയ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും. പൊന്നാനി, മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലേക്കും വയനാട് മണ്ഡലത്തിൽ പെട്ട ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജീകരിക്കുന്നത്.
ഓരോ നിയമസഭ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിൽ വച്ചാണ് സെറ്റിംഗ് നടക്കുക. ചൊവ്വാഴ്ച രാവിലെ എട്ടിന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്നാണ് സെറ്റിംഗ് ആരംഭിക്കുക. ഒരു വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്യുന്നതിന് 45 മിനിട്ടാണ് ആവശ്യം വരിക. സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയതിനാൽ വയനാട് ലോക്‌സഭ മണ്ഡലത്തിൽ പെട്ട വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡങ്ങളിലെ പോളിംഗ് ബൂത്തുകളിൽ രണ്ട് ബാലറ്റ് യൂണിറ്റ് വീതം വേണ്ടി വരും.
തിരഞ്ഞെടുപ്പു വേളയിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ പരിഹരിക്കുന്നതിനായി ഇലക്‌ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ 77 എൻജിനീയർമാർ ജില്ലയിലെത്തിയിട്ടുണ്ട്. ഓരോ നിയമസഭ മണ്ഡലത്തിലേക്കും നാല് വീതം എൻജിനീയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരും വോട്ടിംഗ് യന്ത്രം സെറ്റിംഗ് പ്രക്രിയയിൽ പങ്കെടുക്കും. സെറ്റിംഗ് പ്രക്രിയയിൽ പങ്കാളികളാവാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കത്ത് നൽകിയിട്ടുണ്ട്. സെറ്റിംഗ് പ്രക്രിയ മുഴുവനായും വീഡിയോയിൽ പകർത്തും.