മലപ്പുറം: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 22ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് സമാപിച്ചു. മഅ്ദിൻ എഡ്യുപാർക്കിൽ നടന്ന പരിപാടി മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്ലാസ് നയിച്ചു. ഇബ്റാഹീം ബാഖവി മേൽമുറി സംശയ നിവാരണത്തിന് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, സംസ്ഥാന ഹജ്ജ് കോ ഓർഡിനേറ്റർ പി.ഹുസൈൻ, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ മുഹമ്മദ് കാസിം കോയ, സജീർ, മാസ്റ്റർ ട്രൈനർ പി.പി. മുജീബുർറഹ്മാൻ, അഷ്റഫ് സഖാഫി പൂപ്പലം, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ പ്രസംഗിച്ചു.
ഖാലിദ് സഖാഫി സ്വലാത്ത് നഗർ രചിച്ച ഹജ്ജ് ഉംറ കർമ്മം, ചരിത്രം, അനുഭവം പുസ്തകത്തിന്റെ പരിഷ്‌കരിച്ച നാലാം പതിപ്പ് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മന്ത്രി കെ.ടി. ജലീലിനു നൽകി പ്രകാശനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത ഹാജിമാർക്ക് പുസ്തകം സൗജന്യമായി നൽകി. വൈകിട്ട് മൂന്നിന് അനാഥ, അന്ധ ബധിര മൂക വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ ഹാജിമാർക്ക് പ്രത്യേക പ്രാർത്ഥനയും നടന്നു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി.