പൊന്നാനി: ചിഹ്നവും അപരന്മാരും എടങ്ങേറാക്കുമോയെന്ന ആശങ്കയിലാണ് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ ഇടതുകേന്ദ്രങ്ങൾ. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന്റെ അപരനായി മത്സരരംഗത്തുള്ള പി.വി. അൻവർ റസീന മൻസിലിന് അനുവദിച്ച കപ്പും സോസറും പാരയാകുമോയെന്ന ആശങ്കയിലാണ് ഇടതുപക്ഷം. ഇടതു സ്വതന്ത്രന്റെ ചിഹ്നമെന്ന നിലയിൽ കപ്പും സോസറും സമൂഹ മാദ്ധ്യമങ്ങളിലൂടെ മറുപക്ഷം വ്യാപകമായി പ്രചരിപ്പിക്കുന്നതിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടുകയാണ് സി.പി.എമ്മും ഇടതുപക്ഷ പ്രവർത്തകരും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഇടതു സ്വതന്ത്രൻ പി.വി. അൻവറിന് മേലെയാണ് കപ്പും സോസറും ചിഹ്നത്തിൽ മത്സരിക്കുന്ന അപരനായ പി.വി. അൻവർ റസീന മൻസിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ഇടതു കേന്ദ്രങ്ങൾ മറച്ചുവയ്ക്കുന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ വോട്ടർമാരെ ചിഹ്നവും സ്ഥാനാർത്ഥിയുടെ സ്ഥാനവും പഠിപ്പിക്കുവാനുള്ള തീവ്രയത്‌നത്തിനാണ് എൽ.ഡി.എഫ് രൂപം നൽകിയിരിക്കുന്നത്.
പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ എറെ സുപരിചിതമായ കപ്പും സോസറുമാണ് ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ചിഹ്നമായി ആവശ്യപ്പെട്ടിരുന്നത്. ഒപ്പം ഓട്ടോറിക്ഷയും കത്രികയും ചേർത്തിരുന്നു. കപ്പും സോസറും പി.വി. അൻവർ റസീന മൻസിലും ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് വേണ്ടി വന്നു. ഓട്ടോറിക്ഷ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കും ലഭിച്ചു. ഇതോടെ കത്രിക ഇടതു സ്വതന്ത്രന്റെ ചിഹ്നമായി ഏറ്റെടുക്കേണ്ടി വന്നു.
ചിഹ്നം അനുവദിച്ചതോടെ കത്രിക പരിചയപ്പെടുത്തിയായിരുന്നു പി.വി. അൻവറിന്റെ പ്രചാരണ പരിപാടികൾ. ഒരേ പേരിൽ അപരൻ വോട്ടിംഗ് മെഷീനിൽ സ്ഥാനം പിടിച്ചതോടെ പി.വി അൻവർ പുത്തൻവീട്ടിൽ എന്ന് മുഴുവൻ പേര് പറഞ്ഞ് പ്രചാരണം നടത്തേണ്ട നിർബന്ധിതാവസ്ഥ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിക്കുണ്ടാക്കി. ഇടതു സ്വതന്ത്രന്റെ ചിഹ്നമെന്ന നിലയിൽ കപ്പും സോസറും സമൂഹ മാദ്ധ്യമങ്ങൾ വഴി എതിരാളികൾ പ്രചരിപ്പിച്ചതോടെ പ്രതിരോധത്തിന്റെ പുതുവഴികൾ തേടേണ്ടുന്ന നിർബന്ധിതാവസ്ഥയാണ് ഇടതു പക്ഷത്തിനുണ്ടാക്കിയിരിക്കുന്നത്. തെറ്റായ ചിഹ്നം പ്രചരിപ്പിച്ച് തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്ന തെറ്റായ പ്രചാരണങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ പ്രതിരോധിക്കാൻ സി പി എം പ്രചാരണ രീതികൾ ആവിഷ്‌ക്കരിച്ചു.
.
കപ്പിന്റെയും സോസറിന്റെയും ഉടക്ക്
കപ്പും സോസറും ചിഹ്നമായി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വി. അബ്ദുറഹ്മാന്റെ ചിഹ്നമെന്ന നിലയിൽ കപ്പും സോസറും പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ സുപരിചിതമാണ്. 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെതിരെ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ രൂപപ്പെട്ട ജനകീയ മുന്നണിയുടെ ചിഹ്നവും കപ്പും സോസറുമായിരുന്നു. 2016ൽ വി. അബ്ദുറഹിമാൻ താനൂരിൽ മത്സരിച്ച് വിജയിച്ചതും കപ്പും സോസറും ചിഹ്നത്തിലായിരുന്നു. ഈ അനുകൂല ഘടകങ്ങൾ മുന്നിൽ കണ്ടാണ് ഇടതുമുന്നണി ആദ്യ പരിഗണനയായി കപ്പും സോസറും ആവശ്യപ്പെട്ടത്.
അപരന്റെ കെണി
ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അൻവറിനെതിരേ രണ്ട് അപരന്മാരാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ മൂന്ന് ബഷീറുമാരും മത്സരിക്കുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അബ്ദുറഹ്മാന്റെ അപരന്മാർ പതിനായിരത്തിലേറെ വോട്ടുകളാണ് നേടിയത്. ഇത്തവണ ഇടതു സ്ഥാനാർത്ഥിക്ക് മേലെയാണ് വോട്ടിംഗ് മെഷീനിൽ കപ്പും സോസറും ചിഹ്നമുള്ള അപരൻ സ്ഥാനം പിടിച്ചിരിക്കുന്നതെന്നത് ഇടതു കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ് കൂട്ടുന്നു