വളാഞ്ചേരി: 30 വർഷത്തോളമായി വളാഞ്ചേരിയിലെയും, പരിസര പ്രദേശങ്ങളിലെയും വിവിധ ക്വാർട്ടേഴ്സുകളിലായി അന്തിയുറങ്ങിയിരുന്ന കാവുംപുറം പാലമറ്റത്തിൽ നബീസക്ക് ഇനി തന്റെ കുടുംബത്തോടൊപ്പം സ്വസ്ഥമായി പുതിയ വീട്ടിൽ അന്തിയുറങ്ങാം.
മന്ത്രി ജലീൽ മുൻകൈയ്യെടുത്ത് കാർത്തല അമ്പല പറമ്പിൽ പൂർത്തീകരിച്ച തന്റെ പുതിയ വീട്ടിലേക്ക് നബീസയും കുടുബവും ഞായറാഴ്ച താമസം മാറി. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച നബീസ മകളും പേരകുട്ടികളുമായി ദുരിത ജീവിതം നയിച്ചു വരികയായിരുന്നു. അന്നന്നത്തെ അന്നത്തിന് വക യില്ലാതെ കഷ്ടതയിൽ കഴിഞ്ഞു പോയിരുന്ന കുടുംബത്തിന് ക്വാർട്ടേഴ്സ് വാടക കൂടി ആയതോടെ ദുരിതപൂർണ്ണ ജീവിതമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തൊഴുവാനൂർ കാർത്തലയിൽ നബീസക്ക് മിച്ചഭൂമിയായി മൂന്ന് സെന്റ് സ്ഥലം ലഭിച്ചിരുന്നു. വീട് നിർമ്മാണത്തിന് പഞ്ചായത്തിൽ നിന്നും പണം ലഭിച്ചെങ്കിലും തറയും ലിന്റൽ ഉയരത്തിൽ പടവും പൂർത്തീകരിക്കാനെ സാധിച്ചുള്ളൂ. ഇതോടെ പ്രവൃത്തി നിലച്ച് മഴയും വെയിലുമേറ്റ് ഒരു വർഷത്തോളം വീട് അതേ രീതിയിൽ തുടർന്നു. പല വാതിലുകളും മുട്ടി .ചെറിയ സഹായങ്ങൾ ലഭിച്ചെങ്കിലും അതുകൊണ്ടൊന്നും പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് മന്ത്രി ജലീലിന്റെ വീട്ടിലെത്തി സങ്കടമുണർത്തുന്നത്. മന്ത്രിയോട് സഹായം ചോദിച്ചു ചെല്ലുമ്പോൾ മേൽക്കൂര നിർമ്മിച്ച് എങ്ങെനെയെങ്കിലും അതിനുള്ളിൽ അന്തിയുറങ്ങണം എന്ന മോഹമേ നബീസക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ മന്ത്രി വീടിന്റെ മുഴുവൻ പ്രവൃത്തി ഏറ്റെടുത്തു പൂർത്തികരിക്കുകയായിരുന്നു.സർക്കാർ തുക മാത്രം ആശ്രയിച്ച് സാധാരണക്കാരന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയില്ലന്നും സുമനസുകളുടെ കൈത്താങ്ങ് കൂടി ഉണ്ടങ്കിലേ അത് സാധ്യമാകൂവെന്നും കെ.ടി ജലീൽ പറഞ്ഞു. ലളിതമായി നടന്ന ചടങ്ങിലേക്ക് ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് മന്ത്രിയെത്തിയത്. നബീസയ്ക്ക് ഉപഹാരം നൽകാനും മന്ത്രി മറന്നില്ല.