എടക്കര: സർക്കാർ വിദേശമദ്യ ഷാപ്പിൽ നിന്നും മദ്യം വാങ്ങി വീട്ടിൽ സംഭരിച്ച് വിൽപ്പന നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. വഴിക്കടവ് നരിവാലമുണ്ടയിലെ ആക്കാംപാറ ഉണ്ണിക്കൃഷ്ണനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പും വിഷു ആഘോഷവും ഒന്നിച്ചെത്തിയതോടെ മദ്യക്കച്ചവടം തകൃതിയായി. സാമൂഹ്യ വിരുദ്ധ ശല്യം പെരുകിയതോടെ പ്രദേശത്തെ ചില കുട്ടികൾ പൊലീസിന് വിവരം നൽകി. എസ്.ഐയുടെ നേതൃത്വത്തിൽ വേഷം മാറി പൊലീസ് സംഘം വീട്ടിലെത്തുമ്പോൾ കച്ചവടം നടക്കുകയായിരുന്നു. ഒരു ലിറ്റർ വീതമുള്ള 10 കുപ്പി വിദേശമദ്യവും വിറ്റുകിട്ടിയ ആയിരത്തോളം രൂപയും അളവുപാത്രവും ടച്ചിംഗ്‌സും അടക്കം പിടികൂടി.
വഴിക്കടവ് എസ്.ഐ. ബിനു, എ.എസ്.ഐ .അസ്സൈനാർ ,എസ്.സി. പി.ഒ എസ്. അൻവർ സാദത്ത് , മുജീബ് , സി.പി.ഒ എസ്. ഉണ്ണികൃഷ്ണൻ കൈപ്പിനി , ജയേഷ്, ജാവീദ് , ലിജു എന്നിവരാണ് മദ്യം പിടികൂടിയത് . പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ,