എടക്കര: കാറ്റാടിയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതി താളം തെറ്റി. രണ്ട് മോട്ടോർ ഉപയോഗിച്ചാണ് ഇവിടെ നിന്ന് നേരത്തെ പമ്പിംഗ് നടത്തിയിരുന്നത്. ഇതിൽ 50 എച്ച്.പിയുടെ മോട്ടോർ മാസങ്ങൾക്കുമുമ്പ് തകരാറിലായത് പദ്ധതിയെ തളർത്തി. ഇതോടെ പമ്പിംഗ് കാര്യക്ഷമമല്ലാതായി. . 45 എച്ച്.പിയുടെ മോട്ടോറേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ഒരു മോട്ടോർ ഉപയോഗിച്ച് 16 മണിക്കൂർ പമ്പിംഗ് നടത്തുമ്പോൾ മോട്ടോർ ചൂടാവും. അതിനാൽ ഇടയ്ക്കു പമ്പിംഗ് നിറുത്തി വയ്ക്കേണ്ടതുണ്ട്.
റിപ്പയറിംഗിനായി കൊണ്ടുപോയ മോട്ടോർ എത്രയും പെട്ടെന്ന് പുനഃസ്ഥാപിച്ചില്ലെങ്കിൽ എടക്കരയിൽ കുടിവെള്ളം കിട്ടാക്കനിയാവും.
1985ൽ എം.പി. ഗംഗാധരൻ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെയാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തിൽ 12 ടാപ്പുകളായിരുന്നുവെങ്കിൽ ഇന്ന് 700ൽ പരം കണക്‌ഷനുകളും 120 പൊതുടാപ്പുകളും പ്രവർത്തിക്കുന്നുണ്ട്. എടക്കര പഞ്ചായത്ത് മുഴുവനായും മുണ്ട, അണ്ടിക്കുന്നു പ്രദേശങ്ങളും ഈ പദ്ധതിയുടെ കീഴിൽ വരും. കാലപ്പഴക്കം കൊണ്ട് പമ്പ് ഹൗസ് തകർന്ന നിലയിലാണ്. മൂന്നര പതിറ്റാണ്ടു പഴക്കമുള്ള സിമന്റിൽ തീർത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ ജി.ഐ. പൈപ്പുകളാണ് ഇത്തരം പദ്ധതികൾക്കായി ഉപയോഗിക്കുന്നത്.